2012, മാർച്ച് 6, ചൊവ്വാഴ്ച

ഓഹരി

പ്ലാസ്റ്റിക് ചുംബനങ്ങളേറ്റ് വളർന്ന മകൻ നഗരത്തിൽ പുതുതായി പണിത പഞ്ചനക്ഷത്രവൃദ്ധസദനത്തിന്റെ കാര്യസ്ഥനാക്കിയത് വൃദ്ധപിതാവിനെ. ദയാവധത്തിനു ചീട്ടുകുറിച്ച മറ്റു വൃദ്ധമാതാപിതാക്കൾക്കൊപ്പം കാരുണ്യ ജീവിതത്തിന്റെ ആദ്യനാളുകളിൽ ഹൗസ് ഫുൾ ബോർഡിനു കീഴെ ചടഞ്ഞിരിക്കുമ്പോഴും മകനെക്കുറിച്ച് അയാൾക്ക് അഭിമാനം തോന്നി. തൊട്ടടുത്ത് മുൻകൂർ ഡൊണേഷനിൽ ഇതിലും വലിയ ഒരു മാളിക ഉയരുന്നുണ്ട്. മകൻ ഇനി അതിന്റെ മേൽനോട്ടം അവൾക്ക് കൊടുത്തേക്കും... താമസിയാതെ ഈ നഗരത്തിലെ പേരക്കുട്ടികളെല്ലാം അങ്ങോട്ട് ചേക്കേറും!
OO  അജിത് കെ.സി
(മഴപ്പാറ്റകൾ)  

2012, മാർച്ച് 2, വെള്ളിയാഴ്‌ച

രണ്ടു പരിചകൾ


ഒന്നെന്റെ അധരത്തെ
നിന്നധരത്തോടും
മറ്റേത് ഹൃദയത്തെ
നിന്റെ ഹൃദയത്തോടും
തടഞ്ഞു,ടഞ്ഞു...

രാമാ, നീയുത്തമൻ
മുറിച്ചിട്ടും മുറിയാതെ
നിന്റെ ദൂരം!
OO 

2012, മാർച്ച് 1, വ്യാഴാഴ്‌ച

പിൽക്കാഴ്ചയിൽ

എന്തിനു വീണ്ടുമെൻ കൈപിടിച്ചെന്നോടു
പിന്തിരിഞ്ഞൊന്നു നടക്കുവാനോതുന്നു
നഗരത്തിരക്കിൽ മറന്ന മഞ്ചാടി
പെറുക്കുവാനുത്സാഹമെനിക്കുമുണ്ണീ .... 

(തുടർന്നു വായിക്കുക)


(കവിത കേൾക്കുക)


  
OO അജിത് കെ.സി


2012, ഫെബ്രുവരി 29, ബുധനാഴ്‌ച

അമ്മ

ഓരോ തിരയും കെടുമ്പോള്‍ കടലിനി -
ന്നേതോ വിതുമ്പലിന്നാഴം
ഓരോ തിരിയും പൊലിയുമ്പോള്‍ വിണ്ണിനി -
ന്നേതോ ഇരുളിന്നു നിറവ്

തോരാത്ത കണ്ണുമായമ്മയാണാഴത്തി -
ലോരോ സ്മൃതിയുടെ ബോധം
തിരയായതശ്രുക്ക,ളിടറും നെഞ്ഞി-
ലുരുകുന്നൊരക്ഷര ദുഗ്ദ്ധം

അമ്മായാണാകാശച്ചരിവിലെത്താരം
കനലെരിയും നെഞ്ഞാണ്
നീറുമകക്കണ്ണിലെത്തീയാണ്, തിരി -
യോരോയിരവിന്നു കാവല്‍

അമ്മ തൻ ചിത്രംവരയ്ക്കേണ്ടതെങ്ങനെ -
യേതു നിറത്തിനിന്നാഴം,
നിറമെല്ലാമൊടുങ്ങും കടല്‍ നീലയോ ,
നരവീണ മേഖക്കറുപ്പോ ?

ഓരോ നിറവും പെയ്തുതളരുമ്പൊഴി-
ന്നേതോ സുഗന്ധിയായമ്മ
ഓരോ തിരയിലുമോരോ തിരിയിലും
നിറയുമറിവു നീയമ്മ

ഒരു കുളിര്‍തെന്നലായോര്‍മ്മയിലെത്തി -
യേതോ കനിവിന്നുൾത്തണല്‍
ഒരു തേങ്ങലാ,യൊരൗഷധ സ്പര്‍ശമാ -
യെങ്ങുമക്ഷരപ്പെരുമ!

OO  അജിത് കെ.സി


2012, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

പരാദജന്മങ്ങൾ

ഓർമ്മകളുടെ ആൽബം. എവിടെയോ കേട്ടു മറന്ന പ്രയോഗം.വളരെ ശരിയാണ്, ഓർമ്മകൾ പലപ്പോഴും കടന്നു വരുന്നത് ഒരു ഫോട്ടോ ആൽബത്തിലെ ചിത്രങ്ങളെപ്പോലെയാണ്. ഓരോ ചിത്രത്തിൽ നിന്നും ഒരു ഭൂതകാലം അഴിഞ്ഞിറങ്ങി അരങ്ങേറുകയായി. അല്ലെങ്കിൽ നോക്കൂ, ഈ കടൽത്തീരത്ത് ഞാനെന്റെ സുഹൃത്ത് ഉണ്ണിയെയും കാത്ത് ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് ഓർമ്മകളുടെ ആൽബം താൾ മറിഞ്ഞ് ജന്മാന്തരങ്ങൾക്ക് പിന്നിലേക്കും പോയത്. ചിത്രത്തിൽ ഉണ്ണിയുടെ അച്ഛൻ ജയപാലന്റെ ബാല്യം. അനുജത്തി രാജിയെ തൊട്ടിലാട്ടി ഉറക്കുന്ന ജയപാലൻ. ആ കുഞ്ഞുമുഖത്ത് മുഖത്ത് ഒരു ദു:സ്വപ്നത്തിന്റെ ഭീതിയുണ്ട്. അച്ഛനോടുള്ള സഹതാപവും അനുജത്തിയോടുള്ള വാത്സല്യവും രണ്ടാനമ്മയോടുള്ള വെറുപ്പുമുണ്ട്.... തുടർന്നു വായിക്കുക
 


OO അജിത് കെ.സി

2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

കുരുവംശം കുടിവാഴും കുന്നത്തൂർ മലനടകൾ

രുവേള നമുക്കീ കുന്നു കയറാം. കുന്നിൻ നെറുകയിൽ, കറുത്തവന്റെ വേർപ്പുമണ്ണിൽ കരിവേരാഴ്ത്തിയ തണൽക്കുടയ്ക്കു കീഴെ പീഠമേറിയ പ്രതാപിയായ മലവാഴും തേവരെ കണ്ടു മടങ്ങാം...

പോരുവഴി പെരുവിരുത്തി മലനട
തേവർ മലനടയപ്പൂപ്പനാണ്. ആശ്രിത വൽസലനായ മൂർത്തി കൗരാവാഗ്രിയനായ ദുര്യോധനനാണ്. വേലയ്ക്കും വേർക്കുന്ന വർക്കും കാവലാളായി, വിഷമിക്കുന്നവന് വിളിപ്പുറത്തെത്തി, നോക്കെത്താ ദൂരത്തോളം ചുരുൾ നിവർന്ന സാമ്രാജ്യത്തിനു തീർപ്പാളായി ഗാന്ധാരീ തനയൻ സുയോധനൻ നിറഞ്ഞരുളുകയാണിവിടെ. തേവർ നട പെരുവിരുത്തി മലനടയാണ്. കൊല്ലം ജില്ലയുടെ ഉത്തരാതിർത്തിയിലുള്ള കുന്നത്തൂർ താലൂക്കിലെ പോരുവഴിയിലാണ് പെരുവിരുത്തി മലനട.

മലനടകളെപ്പറ്റി കേട്ടറിവില്ലാത്തവർ വിസ്മയിച്ചേക്കാം - കൗരവർക്കും ക്ഷേത്രങ്ങളോ! അതെ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ അസുരനായ മഹാബലി ആരാധിക്കപ്പെടുന്നതുപോലെ എണ്ണമറ്റ മലനടകളിൽ വ്യാസേതിഹാസത്തിലെ പ്രതിനായകരായ കുരുവംശജർ അവരുടെ നന്മകളാൽ ആരാധനാമൂർത്തികളാകുന്നു കുന്നത്തൂരിന്റെ പലഭാഗങ്ങളിലായി.

ഉത്തരാഞ്ചലിലെ ദുര്യോധനക്ഷേത്രം
ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രമാണ് പെരുവിരുത്തിയിലേത്. തമസ്സ് (കൗരവരുടെ പതനത്തിനു ശേഷം നാമകരണപ്പെട്ടതെന്ന് വിശ്വാസം) നദീതീരത്തുള്ള, ഉത്തരാഞ്ചലിന്റെ വടക്കു പടിഞ്ഞാറതിർത്തിയിലുള്ള ഓസ് ല വില്ലേജിലാണ് ദുര്യോധനന്റെ മറ്റൊരു പ്രധാന ക്ഷേത്രമുള്ളത്. 


എണ്ണശ്ശേരി മലനട, ഫോട്ടോ - ജയേഷ് പതാരം
കൊല്ലം ജില്ലയിൽ തന്നെ ശൂരനാട് വടക്ക് എണ്ണശ്ശേരി മലനടയും കുന്നിരാടത്ത് മലനടയും ദുശ്ശാസനന്റെയും ദുശ്ശളയുടെയും പ്രതാപം പേറുന്ന ക്ഷേത്രങ്ങളാണ്. കൗരവരെക്കൂടാതെ അംഗരാജാവായ കർണ്ണനും മാതുലനായ ശകുനിക്കും പ്രത്യേക ക്ഷേത്രങ്ങളുണ്ട്. ഭീഷ്മർക്കും ദ്രോണർക്കും ആരാധനാ ലയങ്ങളുണ്ട്. കർണ്ണക്ഷേത്രം പെരുവിരുത്തിയിൽ പ്രിയമിത്രം ദുര്യോധനനടുത്തു തന്നെയെങ്കിൽ സമീപപ്രദേശമായ പുത്തൂരിനടുത്ത മായക്കോടാണ് ശകുനിയെ ആരാധിക്കുന്ന ക്ഷേത്രം. പെരുവിരുത്തി മലനടയിലെ കലശം, വെടിവഴിപാട് തുടങ്ങിയവയ്ക്ക് അവകാശമുള്ള ക്ഷേത്രമാണു കെട്ടുങ്ങൽ. തൂക്കം, കളരിയഭ്യാസം തുടങ്ങിയവയ്ക്ക് അവകാശമുള്ളതും മാതൃസ്ഥാനം (ഗാന്ധാരീ സങ്കല്പം) ഉള്ളതുമായ ഗുരുക്കൾശ്ശേരിൽ മലനടയിൽ നിന്നാണ് ക്ഷേത്രപരികർമ്മിയായ 'ഊരാളി' ഉത്സവനൊയമ്പ് എടുക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി വിഭജിക്കപ്പെട്ട് കടമ്പനാട് വടക്ക് കുണ്ടോം മലനട, പുലിപ്പാറമലയിലെ കുറുമ്പകര മലനട, ഐവർകാല കിഴക്ക് പൂമല മലനട കൂടാതെ നൂറനാട്, താമരക്കുളം, പവിത്രേശ്വരം ഭാഗങ്ങളിലെ മലനടകൾ ഇങ്ങനെ 101 കുന്നുകളിലായി ഒട്ടനവധി മലനടകളുണ്ടെങ്കിലും പ്രതാപം തീരെയില്ലാത്തവയും ക്ഷയോന്മുഖവുമാണ് മിക്കവയും.
പോരുവഴി പെരുവിരുത്തി മലനട
ഒരിക്കൽ, മലനടയിലെ കൗരാവാരാധനയെപ്പറ്റി വിസ്മയിച്ചപ്പോൾ കൂടെയുണ്ടായിരുന്ന സുയോധനഭക്തനും ദുര്യോധനൻ ബസ്സുടമയുമായിരുന്ന ബന്ധു ( ഒരു കടങ്കഥ പോലെ പറഞ്ഞു; പോരു നടന്ന വഴി പോരുവഴി. പോരിവിടെയാകണം നടന്നത്. വംശവൈര ത്തിന്റെ നിണമൊഴുകിയ പോരിന് പേരെന്തും നൽകുക. മഹാഭാരതത്തിന്റെ ഭൂമിക ഉത്തരഭാരതമാണ്. ഹസ്തിനപുരവും കുരുക്ഷേത്ര വുമടക്കമുള്ള സ്ഥലനാമങ്ങളും തികച്ചും ഉത്തര*മാണ്. ഇവിടെയുണ്ടായ ഏതെങ്കിലും വംശവൈരമോ സ്പർദ്ധയോ ആകണം കഥയുടെ ഇതിവൃത്തമെന്ന് ശഠിക്കണമെങ്കിൽ ഇതികർത്താവ് ബോധപൂർവ്വം തന്റെ സമീപപ്രദേശങ്ങളെ സ്വീകരിച്ചുവെന്ന് സ്ഥാപിക്കണം. കൗരവ-പാണ്ഡവ കഥയും കുന്നത്തൂരും മലനടകളും തമ്മിലെന്തു ബന്ധമെന്ന് ഇനിയും ചർച്ചചെയ്യപ്പെടേണ്ട വിഷയമാണ്... അതെ.

കീച്ചപ്പിള്ളിൽ ക്ഷേത്രം, ഫോട്ടോ - രൻജു
സ്ഥലനാമങ്ങളിൽ ഐവർകാല, ഞാങ്കടവ്, അഞ്ചൽ തുടങ്ങിയവ പാണ്ഡവപക്ഷത്തു ചേരുന്നു. പാണ്ഡവർ വസിച്ചിരുന്നുവെന്ന സൂചന ഐവർകാല നൽകുന്നത്. ഐവരുടെ മാർഗ്ഗമദ്ധ്യേ ആറൊഴുക്കിന്റെ വിഘ്നം. "ഞാൻ കടക്കാ"മെന്ന വൃകോദരശബ്ദം പ്രതിദ്ധ്വനിച്ചറിഞ്ഞപ്പോൾ ഞാങ്കടവായെന്നും വിശ്രമവേളയിൽ ഓരോ ആൽമരത്തൈകൾ നട്ടുവെന്നും അഞ്ചാലുകളുടെ നാട് അഞ്ചലായെന്നുമൊക്കെ സ്ഥലപുരാണ ങ്ങളിൽ വാദമുഖങ്ങളുണ്ട്. കൂടാതെ കുന്നത്തൂർ- ഐവർകാലയിലെ 'കീച്ചപ്പിള്ളിൽ' (കീചകപ്പിള്ളിൽ ലോപിച്ചത്) എന്ന ക്ഷേത്രം ഭീമൻ കീചകനെ വധിച്ചതെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലവുമാണ്.

കൗരവരിൽ നിന്നാണ് 'കുറവ' സമുദായത്തിന് ആ പേര് സിദ്ധിച്ചതെന്നും പറയപ്പെടുന്നുണ്ട്. പ്രചരിക്കപ്പെട്ട മറ്റൊരു കഥയിൽ ഇവിടുത്തെ വനങ്ങളിലുണ്ടാവാമെന്നു കരുതി പാണ്ഡവരെ തേടിയെത്തിയ ദുര്യോധനനും കൂട്ടരും ഇവിടെ വിശ്രമിച്ചുവെന്നും ദാഹാർത്തവരായ അവർക്ക് കുറവസ്ത്രീ മധുചഷകം നൽകി സൽക്കരിച്ചുവെന്നും സംപ്രീതനായ കൗരവരാജാവ് 101 ഏക്കർ നൽകി അനുഗ്രഹിച്ചുവെന്നും സമർത്ഥിക്കപ്പെടുന്നു. കള്ള് മലനടക്ഷേത്രങ്ങളിൽ പ്രസാദവും അഭിഷേകവും വഴിപാടും ആയതിന്റെ കാരണവും ഇതാണത്രേ.
പെരുവിരുത്തി മലനട - സ്വർണ്ണക്കൊടി
കുന്നത്തൂരും പരിസരപ്രദേശങ്ങളും അവർണ്ണരെന്നും അധ:സ്ഥിതരെന്നും മുദ്രകുത്തപ്പെട്ട സമുദായങ്ങളുടെ വ്യാപനദേശങ്ങളായിരുന്നു. മലനടകളെപ്പോലെ തന്നെ ഇവിടങ്ങളിലേറെയും ഉഗ്രമൂർത്തികളായ ശിവന്റെയും കാളിയുടെയും ക്ഷേത്രങ്ങളാണ്. ബുദ്ധമതത്തിന്റെ പ്രചാരത്തോടെയാണ് ശൈവാരാധന ഇല്ലാതെയായത്. ബുദ്ധമതം കൂടുതൽ പ്രചരിക്കപ്പെട്ടതും ഈ പ്രദേശങ്ങളിലാണ്. ബുദ്ധമതകേന്ദ്രങ്ങളെയും വിഹാരങ്ങളെയും കുറിക്കുന്ന 'ഊരു' 'പള്ളി' തുടങ്ങിയ പദങ്ങൾ ഇവിടങ്ങളിലെ സ്ഥലനാമങ്ങളിലൊക്കെ ചേർന്ന് കാണപ്പെടുന്നുണ്ട്. ബുദ്ധമതത്തിന്റെ പ്രചാരത്തോടുകൂടി ക്ഷേത്രാചാരങ്ങളും പ്രതിഷ്ഠകളുമൊക്കെ മാറിയതുകൊണ്ടാകണം മലനടകളിൽ പലതും അപ്രത്യക്ഷമായത്.

മലനടകളെല്ലാം അവർണ്ണരുടെ ആരാധനാ കേന്ദ്രങ്ങളായിരുന്നു. ആ വിഭാഗത്തിൽ ഗണിക്കപ്പെട്ടിരുന്നവരുടെ പിന്മുറക്കാരാണിപ്പോഴും മലനട ക്ഷേത്രാധികാരികളായ 'ഊരാള"ന്മാർ. സമുദായത്തിലെ മുന്നോക്കക്കാരന്റെ ആരാധനാലയങ്ങളിൽ പോകുവാനും അവന്റെ ദൈവങ്ങളെ പ്രതിഷ്ഠിക്കുവാനും ആരാധിക്കുവാനും സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്ത് അവർണ്ണന് ആരാധിക്കുവാനും അവന്റെ ദുരിതങ്ങളിൽ വിളിച്ചപേക്ഷിക്കുവാനും കെട്ടിയ പീഠങ്ങളാവണം ഈ മലനടകൾ. സവർണ്ണന്റെ ദേവസങ്കല്പങ്ങളെ പുച്ഛിച്ചുടലെടുത്ത ആരാധനാലയങ്ങളുമാകാം ഇവ. അവർണ്ണർക്കും അധ:സ്ഥിതർക്കും ശരണമേകിയിരുന്ന കുരുവംശരാജാവിനോടുള്ള കൂറോ ആര്യാധിനിവേശത്തിലും നഷ്ടപ്പെടാത്ത ദ്രാവിഡത്തനിമയോ ആകണം ശ്രീകോവിലോ വിഗ്രഹമോ വേഷഭൂഷകളോ ഇല്ലാത്ത ഈ മലനടകൾ. പൂജാമൂർത്തികൾക്ക് പെരുവിരുത്തിയിലും എണ്ണശ്ശേരിയിലും കുന്നിരാടത്തുമൊക്കെ പീഠമായി കെട്ടിയുയർത്തിയ തറയും കൽവിളക്കുകളുമാണ് ഉള്ളത്.
പെരുവിരുത്തി മലനട ഉത്സവം - എടുപ്പു കുതിരകൾ
ആചാരാനുഷ്ഠാനങ്ങളിലും ഉത്സവങ്ങളിലും മറ്റുക്ഷേത്രങ്ങളോട് വ്യത്യസ്തത പുലർത്തുന്നു വെങ്കിലും ശൈവക്ഷേത്രങ്ങളിലെപ്പോലെ വിഭൂതിയാണ് മലനടകളിലും പ്രസാദം. കള്ളും ചാരായവും കോഴിയും പട്ടും ഒക്കെ പ്രധാന നേർച്ചകളും. മദ്യം ഇക്കാലം നിരോധിക്കപ്പെട്ടു കഴിഞ്ഞു. കന്നുകാലികൾ, ധാന്യങ്ങൾ, വെറ്റില പാക്ക് ഇവയും നേർച്ചാദ്രവ്യങ്ങളാണ്.കുന്നിരാടത്ത് മലനട, ഫോട്ടോ - രൻജു
പെരുവിരുത്തി മലനടയിലെ കെട്ടുത്സവം ഏറെ പ്രശസ്തമാണ്. ഉൽസവത്തിന് ഭാരമേറിയ മലക്കുട പേറി, കച്ചയുടുത്ത് ഊരാളൻ തുള്ളി മലയിറങ്ങുമ്പോൾ കെട്ടുകാഴ്ചകൾ നിരക്കുന്നു. എടുപ്പുകുതിരകളും കെട്ടുകാളകളുമാണ് പ്രധാന ഉത്സവ ക്കാഴ്ചകൾ. ഇവിടുത്തെ മത്സരക്കമ്പവും ഏറെ പ്രശസ്ത മായിരുന്നു. 1990 ലെ വെടിക്കെട്ട് ദുരന്തത്തിനു ശേഷം മത്സരക്കമ്പം നിരോധിക്കപ്പെട്ടു.

നെൽവയലുകൾക്കു നടുവിലെ കുന്നെടുപ്പിലേക്ക് കെട്ടുകാഴ്ചയുടെ ചട്ടമേന്തി ആർത്തുവിളിക്കുന്ന പണിയാളർക്കുമുന്നിൽ തുറന്ന മനസ്സോടെ മഹാസങ്കൽപ്പമായി ആൽച്ചുവട്ടിലെ പീഠത്തിൽ തേവർ നിറഞ്ഞരുളുമ്പോൾ, കുന്നിറങ്ങവേ മഴമേഘങ്ങളോട് കലഹിച്ചു നിന്നിരുന്ന അരയാലിലകൾ പറഞ്ഞു; ബിംബങ്ങളില്ലാത്ത ദൈവാന്വേഷണം ഇവിടെ തുടങ്ങുന്നു...

OO അജിത് കെ.സി


* ഉത്തരാഞ്ചലിലെ ദെറാഹ്ഡൂണിലെ രാജാവായിരുന്നു ദുര്യോധനനെന്നും പഞ്ചാബിലെ രാജകുമാരി പാഞ്ചാലിയോടുള്ള സ്പർദ്ധയാണ് മഹാഭാരതകഥയുടെ ഇതിവൃത്തമെന്നും ചില പഠനങ്ങൾ.

2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

പ്രവാസിയുടെ കവിതഒരു ദേശാടനത്തിൻ
വിധി വിഹിതമായി
വിണ്ട കാലടികളിൽ
നിറയും കരിമുള്ളും

കദനഭാരത്തിന്റെ
കറയെഴും മാറാപ്പിൽ
നിറയും തണൽ തേടും
പഥികന്റെ മോഹവും

വിധിയുടെ ഗ്രഹണ
വഴിയിൽ മറയുന്ന
കിനാവും കനിവെഴാ
ദുരിത ഗോളങ്ങളും

വറുതിയിൽ മുറിവിൽ
വടുകെട്ടി നിറയും
മനനബോധങ്ങളിൽ
മൗനസംഗീതമായി

ഈറ്റില്ലമറിയാതെ
പേറ്റുനോവറിയാതെ

വിസ്മയം പോലെയൊരു
കനലുറവുപൊട്ടി
തെളിനീരുപോലെയീ
കവിതയൊഴുകുന്നു...

ഒരു നീണ്ട യാത്ര തൻ
കണ്ടെത്തും കയങ്ങളിൽ
കതിർ പഥേയമായി
കവിത കെട്ടുന്നു ഞാൻ!

ദുരിതയാമങ്ങളിൽ
മുറിവേറ്റകം നീറി-
യടുക്കളത്തിണ്ണയിൽ
കാത്തിരുപ്പിൻ നോവും

മോഹഭംഗങ്ങളായി
പകൽ വിളറുന്നതും
വഴിക്കണ്ണുമായി
നീയുരുകിയിരുപ്പതും

കരിപടരും കണ്ണിൽ
നറുനിലാവായെത്തു-
മൊരുൾച്ചൂടിലക്കവിൾ
പൂവായി വിരിയുന്നതും

കുളിർ ചുരന്നെത്തുന്ന
കുഴൽ നാദം പോലെയാ
വാക്കിൽ നറുമധുര-
മൂറിനിറയുന്നതും

തിരയായറിയാതെ
നിറമേറെയില്ലാതെ

കാലപ്പകർച്ചയിലെൻ
കനവുറവുപൊട്ടി
കണ്ണീരുപോലെയീ
കവിതയൊഴുകുന്നു...

വീണ്ടുമൊരു യാത്രതൻ
വിളികേൾക്കെ വേഗത്തിൽ
ചുമലിൽ വിഴുപ്പായി
കവിത കെട്ടുന്നു ഞാൻ!
 
OO  അജിത് കെ.സി

2012, ഫെബ്രുവരി 15, ബുധനാഴ്‌ച

താരാട്ട്രാരീരം രാരീരൊ രാരിരാരൊ
രാരീരം രാരീരൊ രാരിരാരൊ
മാനത്തെയമ്പിളി കൺ തുറന്നൂ
മുറ്റത്തെമുല്ലകൾ പുഞ്ചിരിച്ചൂ
കാട്ടിലെ മൈനകൾ കൂടണഞ്ഞൂ
ഉണ്ണിതൻ പൈക്കളും ചാഞ്ഞുറങ്ങീ....

തുടർന്നു വായിക്കുക...
OO  അജിത് കെ.സി
ഈ താരാട്ട് കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2012, ഫെബ്രുവരി 14, ചൊവ്വാഴ്ച

നിലച്ച ഘടികാരംനീ നീയെന്നു മെല്ലെയോരോ നിമിഷവും
മമ ഹൃത്തായി തുടിച്ചൊരീ ഘടികാരം
ഇന്നേതു പുഴപോൽ വരണ്ടിന്നേതു
കവിത പോൽ കരളിലുറഞ്ഞു പോയി


ഓരോ നിമിഷവുമുത്സവമാക്കി നിൻ
നേർസൂചികൾ നേരം കുറിച്ച നാൾ
എന്റെ കിനാവിനുമെന്റെ കവിതയ്ക്കും
നാദമായുച്ചത്തിൽ മിടിച്ച രാവുകൾ


പറയുന്നതിന്ന് നിലച്ചയീ സ്പന്ദനം
ചിറകിൽ തളർന്നയാ വഴിക്കനവുകൾ
മുറിഞ്ഞയോർമ്മ തൻ മഷിക്കുരുതികൾ
കാലം തളച്ചിട്ട കണ്ണീരൊഴുക്കുകൾ


ചായങ്ങളൊക്കെയഴിഞ്ഞേതോ വേനലിൽ
വാടിത്തളർന്നൊരീയുദ്യാനഭൂവിൽ
രാഗം തെഴുക്കാതെയേതോ വാദ്യമായി
ശോകമൂകം പിടയുന്നയോർമ്മകൾ


എൻ കരളിലിന്നും നീറ്റിപ്പടർത്തുന്ന,
ശബ്ദകോശമായടുക്കിയ വാക്കുകൾ;
കുത്തിയൊഴുകാതെ, നിൻ ഹൃത്തിലെറ്റാതെ
ചുണ്ടിൽ വിറപൂണ്ട പ്രണയഗാനങ്ങൾ


ഒരു വാക്കിന്റെയൂഷ്മ പ്രവാഹമില്ലാതെ
എന്റെ നികുഞ്ജത്തിലിന്നീ ഘടികാരം
പകലുമിരവെന്നും രണ്ടുനേരം കൃത്യം
മികവു കാട്ടുന്നു നിലച്ച സൂചിയാൽ !


OO അജിത് കെ.സി

2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

കൃഷ്ണനെന്ന പാമ്പാട്ടി

പാമ്പുകളെയിണക്കിയെടുക്കാൻ
അതിവിദഗ്ദ്ധനായിരുന്നു
കൃഷ്ണനെന്ന പാമ്പാട്ടി

നാഗത്തോലിട്ട കിടക്കയിലവൻ
പാമ്പിൻ പുറത്തെന്നു നിനച്ച്
അനന്തം അദ്ഭുതം ഉറങ്ങി

ഇണങ്ങാത്ത പാമ്പുകളുടെ
തലയിൽ തല്ലി രസിച്ചു
ചതഞ്ഞ കാളീയഫണങ്ങളിൽ
ചടുലതാണ്ഡവമാടി,
കാകോളമെടുത്ത്
അമ്പുകൾക്ക് മൂർച്ച കൂട്ടി

കരിവർണ്ണനവൻ
കാളിന്ദിയുടെ തീരത്ത്
മകുടിയൂതി നിന്നു,
കെട്ടുപിണഞ്ഞുയർന്ന
പാമ്പുകൾക്കൊപ്പം പുളഞ്ഞ്
നിത്യമവൻ രാസലീലയാടി!OO  അജിത് കെ.സി
 

2012, ഫെബ്രുവരി 12, ഞായറാഴ്‌ച

ആമയും മുയലും
ഹൃദയത്തിനു താഴെ കിടത്തി
കിനാക്കളോടു ചേർത്തു നിർത്തി
കുഞ്ഞിന്
കഥകളുടെ വസന്തം തന്നെ
അമ്മ പകർന്നു നൽകി

മുലഞെട്ടിൽ നിന്നുമൂറി
സിരകളിൽ ഊർജ്ജരേണുവായി
കുഞ്ഞിളം മേനിയിൽ
വാത്സല്യ താളമായി
കണ്ണിനും കാതിനും
വിസ്മയമായി
കഥകളോരോന്നു കളിയാടി

കഥയുടെ പൂങ്കാവനത്തിൽ
കുയിലുകൾ കൂവി നിറഞ്ഞു
മഴവില്ലു വിടർന്നു
മഴമേഘങ്ങളെ കണ്ട്
മയൂരങ്ങളാടി
"നിയ്ക്കു വെശക്ക്ണു"
അവന്റെ വാക്ക് പിച്ച നടന്നു

തൊടിയിൽ,
അമ്മ പറഞ്ഞ കഥയിലെ
അണ്ണാറക്കണ്ണനും പൂവാലിയും
അവനെക്കാണാൻ നിരന്നു...

മുയലമ്മ ക്ഷീണിച്ചുറങ്ങി
മുൻഷി ആമ
പള്ളിക്കൂടം വരെ ഒപ്പം നടന്നു

രാജകുമാരന്റെയും
രാജകുമാരിയുടെയും
കഥ അമ്മ പറഞ്ഞില്ലല്ലോ
അവൻ പിണങ്ങി
"ഈയമ്മയ്ക്കൊന്നുമറീല്ല"
ഉണ്ണാതെയുണ്ണിയുറങ്ങി!

OO  അജിത് കെ.സി

2012, ഫെബ്രുവരി 11, ശനിയാഴ്‌ച

പൂവാണു പുണ്യംതിരയാണു
തിരയൊഴിയും
നേരത്തിരുളാണു
ഇരുൾ കീറും
തീയാണു
തീമാറിക്കനലാണു
കനൽ നീറും
നെഞ്ഞാണു
നെഞ്ഞിലറിയാതെ
പൂത്തൊരു
പൂവാണു പുണ്യം

നിറമേറ്റിയാളുന്ന
വിധിയാണു വിണ്ണിൽ
വിണ്ണിന്റെയൊളിമാറും
മുഖമാണു കടലിൽ
ആഴത്തിനതിരിടും
അടരെന്റെ നൗകയിൽ
അതിലറിയാതെ
കാവും മലകളും
കരിങ്കുയിൽപ്പാട്ടും
കനവേറ്റി വിടർന്നൊരു
കവിതയീ പുണ്യം


വരിയാണു
വാക്കാണു
വാക്കിൽ നിറയുന്ന
നീയാണു
നീ കാണും
മഴയാണു
മഞ്ഞാണു
മണ്ണാണു
മണ്ണിൽ നിറക്കൂട്ടായി
നമ്മുടെ കളിവീടും

കളിയായി
കഥയായി
നമ്മിലറിയാതെ-
യറിയാതെ പൂത്തൊരു
പൂവാണു പുണ്യം

OO  അജിത് കെ.സി

2012, ഫെബ്രുവരി 10, വെള്ളിയാഴ്‌ച

സത്യപാലൻ മരിച്ചിട്ടില്ല

പുഴകളെ മനോഹരമായി ചിത്രീകരിക്കുന്നതിനെ അജയൻ എല്ലായ്പ്പോഴും എതിർത്തിരുന്നു.
"കണ്ണട വച്ച ഒരു പിശാചാണ് പുഴ..." അങ്ങനെയാണ് അജയൻ പറയാറുണ്ടായിരുന്നത്. 

സത്യപാലനെ കൊന്ന പുഴ. 

അജയൻ കറുത്തചുണ്ടുകൾക്കിടയിലേക്ക് ബീഢി തിരുകി വച്ചു.  പുകയുന്ന് ബീഢി ഭ്രാന്തമായ ആവേശത്തോടെ മൂക്കിൽ എരിവു സൃഷ്ടിക്കുവാൻ തുടങ്ങിയപ്പോൾ ഞാൻ ജനാല തുറന്നിട്ടു. പിരിഞ്ഞിറങ്ങിത്തുടങ്ങിയ ചെമ്പിച്ച താടിരോമങ്ങളിൽ വിരലുകൾ കടത്തി ദൂരേക്ക് ദൃഷ്ടി പായിച്ച് അയാൾ ഇരുന്നു.

"നീയറിയില്ലേ...പുഴേലു അന്നു വെള്ളം കൊറവാർന്ന്..."

താത്പര്യം കൂടാതെ വാരികയിലേക്ക് കണ്ണു നട്ടിരിക്കെ കൊലയാളിയുടേതെന്ന പോലെ വന്യമായ ഒരു ചിരി എന്നിലേക്കെറിഞ്ഞ് അയാൾ വീണ്ടും ആ സംഭവം വിവരിക്കുവാൻ തുടങ്ങുകയാണെന്നെനിക്കു തോന്നി.

നക്ഷത്രങ്ങളുടെ വെളിച്ചം പ്രത്യാശയേറ്റുന്നുവെന്ന് പറഞ്ഞത് സത്യപാലനായിരുന്നു. സത്യപാലൻ എന്നു തന്നെ ആയിരുന്നുവോ അന്ന് അറിയപ്പെട്ടിരുന്നത് ?

അജയന്റെ മറുപടി നിരാശയേറ്റുന്നതായിരുന്നു; തിളക്കം നഷ്ടപ്പെടുന്ന നക്ഷത്രം അകന്നുകൊണ്ടേയിരിക്കുന്നു, അവ ഇല്ല എന്നു തോന്നുവോളം...

അജയനും സത്യപാലനും ആ പുഴക്കരയിരുന്ന് ഇരുട്ടിനൊപ്പം ബീഢിപ്പുക ശ്വസിച്ചു. പകരം ഏറെ മുഷിഞ്ഞ ഗന്ധം നൽകി. ഒടുവിൽ പുഴ സത്യപാലനെ വിഴുങ്ങുകയായിരുന്നുവത്രെ!

അജയന്റെ കുട്ടിക്കാലം സത്യപാലനോടൊപ്പമായിരുന്നു. അജയനും ദു:സ്വപ്നങ്ങൾ ശീലമായതങ്ങനെയാണ്.

മരക്കതകുകൾക്കപ്പുറത്ത് നിലാവ് കാത്തു നിൽക്കുന്നുണ്ടായിരുന്നു, രോമസമൃദ്ധിയിലേക്ക് ചേക്കേറാനുള്ള ചെള്ളിന്റെ കാത്തിരിപ്പ് പോലെ. ക്ഷീണിച്ച കട്ടിൽക്കാലുകൾ താളത്തിൽ കരഞ്ഞു കൊണ്ടേയിരുന്നത് അജയനെ അസ്വസ്ഥനാക്കി. വാശിയാലെന്നവണ്ണം പാഠപുസ്തകത്തിലെ വരികൾ ഹൃദിസ്ഥമാക്കുമ്പോഴെന്നെങ്കിലും ആ ശബ്ദത്തെ തിരിച്ചറിയുവാൻ എന്നെങ്കിലും സത്യപാലനു കഴിഞ്ഞിരുന്നെങ്കിൽ.പരിഹാസങ്ങളെയും പഞ്ഞമില്ലയ്മയേയും കോർത്തെടുത്തപ്പോഴേക്കും അവൻ തളർന്നു കഴിഞ്ഞിരുന്നു. റോന്തു ചുറ്റിയിരുന്ന ബൂട്സുകളുടെ കീഴിൽ ഞെരിഞ്ഞമർന്ന സ്വപ്നങ്ങൾ...

ദ്രവിച്ചു തുടങ്ങിയ കഴുക്കോലുകളൊന്നിൽ അവൾക്ക് ഭാരം തൂക്കാമായിരുന്നു. അല്ലെങ്കിൽ എല്ലാക്കാലത്തെയും പോലെ തറവാട്ടുകുളത്തിലെ ചേറിൽ താമരയായി ജനിക്കാമായിരുന്നു!

സത്യപാലനെ ഞാനൊരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല. എന്റെ സങ്കല്പങ്ങളെയെല്ലാം തെറ്റിച്ചത് സത്യപാലൻ കൊല്ലപ്പെട്ടുവെന്ന വാർത്തയാണ്.  അപ്പോഴേക്കും അയാൾ തീർത്തും മെലിഞ്ഞിരുന്നു, ശരീരമെമ്പാടും പീഢനം വരുത്തിവച്ച മുറിവുകളുണ്ടായിരുന്നു.രാത്രികളിൽ അയാൾ ഏറെ സഞ്ചരിക്കുന്നുണ്ടായിരുന്നു.  അയാളുടെ ആഹ്വാനങ്ങൾ രാജ്യം വെട്ടിപ്പിടിക്കാനുള്ളതായിരുന്നു!

"സത്യപാലൻ യഥാർത്ഥമായും മരിച്ചുവോ?"

എന്റെ ചോദ്യം അജയനെ അമ്പരപ്പിച്ചു. അയാൾ കുറെനേരം ജനാലയ്ക്കൽ പോയി പുഴയിലേക്ക് നോക്കി നിന്നു.

"ഇല്ലേല് ഞാനൊറ്റയാവ്വോ?"

സത്യപാലന്റെ മരണത്തിനു തെളിവായി അജയന് കാട്ടാനുണ്ടായിരുന്നത് കുറേ കത്തുകളായിരുന്നു. പുതിയ പുസ്തകങ്ങൾക്കരികിലെ പുരസ്ക്കാര ശില്പങ്ങളിലേക്ക് ചൂണ്ടി അജയൻ വീണ്ടും വന്യമായി ചിരിച്ചു.

"പുഴയ്ക്ക് ഇനീം കഥ അറിയാം.."

കറയാർന്ന പല്ലുകളിൽ വീണ്ടും തിളക്കം. ഏറെ വർഷങ്ങൾക്കു ശേഷം അജയൻ നിലവിളക്ക് കൊളുത്തിവച്ച് കുറെനേരം പ്രാർത്ഥിച്ചു നിന്നു. നിലാവ് ബദാമിന്റെ ഇലകളോടൊപ്പം പിച്ചിപ്പൂക്കളുടെ സുഗന്ധവും കൂട്ടിക്കൊണ്ടുവന്നു. ചെറിയ മുറിയിലെ അത്യാവശ്യസാധനങ്ങളോടൊപ്പം ഇരുട്ടിനുള്ള ഇടം കുറച്ചുകൊണ്ട് കരിന്തിരിമണമുള്ള മൂലപ്പലകയിൽ ചെറിയ കൃഷ്ണവിഗ്രഹം.

പിച്ചകപ്പൂമണമുള്ള കിടക്കയിൽ തന്നോട് ചേരുന്ന ശ്വാസഗതികളെ തിരിച്ചറിഞ്ഞുകൊണ്ട് ഒരു വീതി കുറഞ്ഞ കസവുകര. സ്വകാര്യതകളിലേക്ക് കടന്നു വരുന്ന ഓമനത്തങ്ങൾ... ഞാൻ ഓർമ്മിപ്പിച്ചു.

തിരികെ അടുക്കുമ്പോൾ അജയൻ ഒരു പൊട്ടിക്കരച്ചിലിന്റെ വക്കത്താണോ എന്നു തോന്നിപ്പോയി. മേശ വലിപ്പിൽ നിന്ന് കുറെ കടലാസുകൾ അയാൾ മുന്നിലേക്കെടുത്തിട്ടു. വിറയാർന്ന അക്ഷരങ്ങളിൽ വീണ്ടും തലവാചകം

സത്യപാലൻ മരിച്ചിട്ടില്ല!

ഞാൻ അമ്പരക്കുമെന്നവും അയാൾ കരുതിയത്. ഇല്ല സുഹൃത്തേ, എനിക്കറിയാം സത്യപാലൻ മരിച്ചിട്ടില്ല, താങ്കൾ ജീവിച്ചിരിക്കുവോളം!

അജയൻ പതുക്കെപ്പറഞ്ഞു; "സത്യപാലൻ ചിരഞ്ജീവി അല്ല..!"
OO  അജിത് കെ.സി

  • യുവജനോത്സവ വേദികളിൽ ഏറെ പുരസ്ക്കാരങ്ങൾ വാരിക്കൂട്ടിയ സത്യപാലൻ കൊല്ലപ്പെട്ടു എന്ന നാടകം കണ്ട അനുഭവത്തിലും അതിന്റെ രചയിതാവും എന്റെ സുഹൃത്തുമായിരുന്ന ടി.പി അജയനുമായുള്ള വാഗ്വാദങ്ങളുടെ ഓർമ്മയിലും എഴുതി, സാധന 97-98 ൽ പ്രസിദ്ധീകരിച്ചത്.

  • 2004 ൽ അജയൻ ആത്മഹത്യ ചെയ്യുകയാണുണ്ടായത്.

2012, ഫെബ്രുവരി 8, ബുധനാഴ്‌ച

മഴപ്പാറ്റകൾ

മൃത്യുഞ്ജയൻ പറഞ്ഞു കൊടുത്ത കഥകളിലെല്ലാം നഗ്നദേവതയെ പൂജിച്ച കാരണവന്മാരുടെ അൽപ്പായുസ്സായ പുനർജന്മങ്ങളായിരുന്നു മഴപ്പാറ്റകൾ. നേർത്ത വെള്ളിച്ചിറകുകളിൽ മൗനമന്ത്രങ്ങൾക്കൊപ്പമുള്ള മധുരസംഗീതവുമായി ക്ലാവുപിടിക്കാത്ത ലോഹവിഗ്രഹത്തിനു മുന്നിൽ വിറയാർന്നു കത്തുന്ന വിളക്കിൻ തലപ്പിലേക്ക് ഇരുണ്ടയാമങ്ങളിൽ ആ തലമുറഭേദങ്ങൾ എത്തുന്നത് വസുന്ധരയും അറിഞ്ഞു. മന്ത്രധ്വനികളുടെ പ്രകമ്പനങ്ങൾക്കിപ്പുറം നഗ്നദേവത കാർകൂന്തൽ വിടർത്തി വിളക്കിൻ തലപ്പിലേക്ക് പെയ്തിറങ്ങി. മഴപ്പാറ്റകൾ നഗ്നദേവതയുടെ സ്പർശമാന്ത്രികം അറിഞ്ഞു. 

മൃത്യുഞ്ജയൻ ജനാലകൾതഴുതിട്ടു. തറവാട്ടു പൂമുഖത്ത് ചില്ലിട്ടു സൂക്ഷിച്ച ഛായാചിത്രങ്ങളെപ്പോലെ ജനാലയിൽ മഴതുള്ളികളോടൊപ്പം മഴപ്പാറ്റകളും ഒട്ടിനിന്നു. വരണ്ട മണ്ണിൽ പതിക്കുന്ന മഴയുടെ കർക്കശ്ശ ശബ്ദം. ജനാലയിൽ വിട്ടുപോകാൻ ശ്രമിക്കുന്ന മഴപ്പാറ്റകളുടെ ഒട്ടി നിൽക്കുന്ന വെള്ളിത്തൂവലുകൾ...

വായിച്ചു കമഴ്ത്തിയ പുസ്തകത്തിന്റെ മുകളിൽ മുറിക്കകത്തു കുടുങ്ങിയ മഴപ്പാറ്റകളിലൊന്നു വിശ്രമിക്കുന്നു. നനഞ്ഞ വെള്ളിച്ചിറകുകളിൽ മെല്ലെ വിടരുന്ന മഴവില്ലിൻ വർണ്ണങ്ങൾ.

മൃത്യുഞ്ജയന്റെ നെറ്റിത്തടത്തിൽ പനി പൊള്ളുന്നത് വസുന്ധര അറിഞ്ഞു.

"മഴപ്പേടി ഇനിയും മാറിയില്ലെന്നുണ്ടോ?"

(തുടർന്നു വായിക്കുക)

OO  അജിത് കെ.സി ( 2004 ഒക്ടോബർ, നാരായം മാസിക)

ലഖ്പത് - സിന്ദൂരമൂർന്ന തീരം

 ലഖ്പത് (Lakhpat) - ചരിത്രത്താളിലറിയപ്പെടാതെ കിടന്നു. 

പടയോട്ടങ്ങളുടെയും പിന്മാറ്റങ്ങളുടെയും സ്മരണകളിൽ വാഴ്ത്തിപ്പാടാൻ പാണന്മാർ അറച്ചതുകൊണ്ടാവണം ഉച്ചാരണശുദ്ധികിട്ടാത്ത വാക്കുപോലെ നാവിലാദ്യം കയർപ്പറിയിച്ചത്.  കിഴിപ്പണം കൈപ്പറ്റിയ നാട്ടുപാട്ടുകൾക്കകലെ അഴകഴിഞ്ഞ പുടവപോലെ അവൾ കിടന്നു, ശുഷ്ക്കമാറിടങ്ങളിൽ ജീവശ്വാസത്തിന്റെ തുടിപ്പുകൾ മാത്രമായി...

ലക്ഷക്കണക്കിനു കോറി (Kori -കച്ചിന്റെ അക്കാലത്തെ നാണയം) ദിവസവരുമാനമുണ്ടായിരുന്ന തുറമുഖനഗരത്തിൽ നിന്ന് അനാഥമായ ഒരു പ്രേതഭൂമിയിലേക്കുള്ള പതനമാണു ലഖ്പതിന്റേത്. നദിയൊഴുക്കുകൾ നമ്മുടെ സാംസ്ക്കാരിക, സാമൂഹിക, സാമ്പത്തിക പുരോഗതിയെ എങ്ങനെ ബാധിക്കുന്നുവെന്നു ചരിത്രസ്മരണകളിലും അവയുടെ അഭാവം എങ്ങനെ ജീർണ്ണതയിലേക്കു നയിക്കുമെന്ന് ഇന്നത്തെ അവസ്ഥയിലും ലഖ്പത് നമുക്ക് കാട്ടിത്തരുന്നു.

മുല്ലപ്പെരിയാർ വിഷയം നമ്മുടെ ജീവിതക്രമത്തിന്റെ താളം തെറ്റിക്കുവാൻ തുടങ്ങിയ നാളുകളിലൊന്നിലാണു, ദ്വാരകയിൽ നിന്നും ലഖ്പതിലേക്കെത്തിയത്. ഒരു നദിയും ഒരു ഭൂചലനവും തലവര മായ്ച്ച ലഖ്പതിന്റെ മണ്ണിലിരുന്ന് ഡയറിയിലിങ്ങനെ എഴുതി:

ഒരു ത്രിമാനചിത്രത്തിന്റെ
അതിസൂക്ഷ്മതയിലാണു
പുഴ നാലുവശത്തേക്കും
പിന്മാറി അവളുടെ
അംഗലാവണ്യമഴിച്ചത്

കൃഷ്ണാ…
ദ്വാരകയടുത്തല്ലേ
പുഴയായൊഴുകി
ഈ കുളിക്കടവ് നിറയ്ക്കു!
(കേളികൊട്ട് ബ്ലോഗ് മാസികയിൽ വന്ന കവിത)


കച്ചിന്റെ (Kutch, ഗുജറാത്ത് ) പശ്ചിമാഗ്രത്തിൽ ഇന്ത്യാ-പാകിസ്താൻ അതിർത്തിയിലേക്ക് ദുർഘടമായ വഴിയാത്ര, പരുത്തിപ്പാടങ്ങളും ആവണക്കിൻ പാടങ്ങളും പിന്നിട്ട് നാരായൺ സരോവർ വന്യജീവി സങ്കേതവും കോടേശ്വർ ക്ഷേത്രവും കണ്ടുമടങ്ങും വഴിയാണ് ലഖ്പതിലേക്കെത്തിയത്. ആയിരക്കണക്കിന് ശിവലിംഗങ്ങളിൽ നിന്ന് വേർതിരിച്ചറിയാനാവാതെ, തപസ്സു ചെയ്തു നേടിയ യഥാർത്ഥ ശിവലിംഗത്തെ രാവണന് മാറിപ്പോയെന്നും ആ വിഗ്രഹമാണ് അവിടെ കുടികൊള്ളുന്നതെന്നും കോടേശ്വറിന്റെ ഐതീഹ്യം.
കോടേശ്വർ ക്ഷേത്രം

കോടേശ്വർ

ലക്ഷാധിപതികളുടെ നഗരമെന്ന് വാഗർത്ഥമുള്ള ലഖ്പത്, ഇന്നൊരു ശ്മശാനഭൂമി തന്നെയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ സ്മരണകളയവിറക്കുന്ന ഈ ചെറിയ പുരാവസ്തു നഗരം തകർന്ന കെട്ടിടങ്ങളും ആൾവാസമില്ലാതെ മുൾക്കാടുകളും പാഴ്നിലങ്ങളുമായി ഇന്ന് തികച്ചും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.  പ്രൗഢഗംഭീരമായ ഗതകാലത്തിൽ, സിന്ധിനെ ഗുജറാത്തുമായി ബന്ധിപ്പിച്ചിരുന്ന ഈ തുറമുഖനഗരത്തിനു സിന്ധൂ നദിയുടെ കരലാളനത്താൽ സമൃദ്ധമായ നെല്പാടങ്ങളിൽ നിന്നും തുറമുഖ വാണിജ്യ വരുമാനം കൊണ്ടും ലക്ഷങ്ങളുടെ ദിവസവരുമാനമുണ്ടായിരുന്നുവെന്നറിയുക. പതിനയ്യായിരത്തിൽ പരം ജനസംഖ്യ ഉണ്ടായിരുന്ന ഇവിടം ഇപ്പോൾ കേവലം അഞ്ഞൂറിൽപ്പരം ആളുകൾ മാത്രം വസിക്കുന്ന പ്രേതഭൂമിയാക്കിയത്  AD 1819 ലെ ഭൂചലനമാണ്.
ഇനി ഇവ ദുരന്തത്തിനു കൂടി സ്മാരകങ്ങൾ!

അഹമ്മദാബാദിലെ ഒരു കെട്ടിടം - 2001 ജനു 26
ഭുജ് - 2001 ജനു 26


'ഹം ദിൽ ദേ ചുകേ സനം' എന്ന ഹിന്ദി സിനിമയിൽ
നാം കണ്ട കൊട്ടാരം ഇനി അഭ്രപാളികളിൽ മാത്രം

റിക്ടർ സ്കെയിലിൽ 8 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ലഖ്പതിന്റെ തലവര മാറുകയായിരുന്നു.  140 കി.മീ നീളത്തിൽ രൂപം കൊണ്ട മൺതിട്ട (അല്ലഹ് ബണ്ട്) സിന്ധുവിനെ ഗതിമാറ്റിയൊഴുക്കി. ഇന്നു സിന്ധു ലഖ്പതിന്റെ പാതവിട്ട് സമുദ്രത്തിലേക്ക് ഒഴുകിയൊഴിയുന്നു. 3500 ൽ പരം മനുഷ്യജീവനുകളും അതിലേറെ ജീവിതങ്ങളും അന്നു പൊലിഞ്ഞു പോയി. ഭൂമിയുടെ അകക്കാമ്പിലുള്ള വിള്ളൽ (fault) ഇന്നും ഭൂകമ്പസാദ്ധ്യതാ പ്രദേശമായി ലഖ്പതിനെയും സമീപ പ്രദേശങ്ങളെയും മാറ്റുന്നു. ജനു 26, 2001 ൽ 30,000 ആളുകളുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രവും സമീപ പ്രദേശമായ ഭുജ് ആയിരുന്നു.

മുസ്ലിം അധിനിവേശത്തിൽ മതപരിവർത്തനം ചെയ്യപ്പെട്ടവരും ഹിന്ദു മതാനുയായികളും ഇരു മത വിഭാഗങ്ങളും ഒരേ പോലെ ആരാധിച്ചിരുന്ന സൂഫി സന്യാസികളും സിഖന്മാരും ഒക്കെ ലഖ്പതിന്റെ മണ്ണിൽ ചരിത്രസ്മൃതികളാവുന്നു. പടക്കോപ്പുകൾ മണ്ണടിഞ്ഞു, നിണപ്പാടുകൾ മാഞ്ഞു; ചരിത്രമവശേഷിപ്പിക്കാതെ!
ലഖ്പത് കോട്ട

ലഖ്പത് കോട്ടയുടെ പ്രധാന കവാടംകരിങ്കല്ലിലെ കൊത്തു പണികൾ
നാനി ദർഗ്ഗറഫ്യൂജി എന്ന ബോളിവുഡ് സിനിമയുടെ ലൊക്കേഷൻ ലഖ്പത് ആയിരുന്നു.
സഞ്ചാരികളും തീർത്ഥാടകരും അപൂർവ്വമായി മാത്രം എത്തുന്ന ലഖ്പതിൽ ഇന്ന് തികച്ചും സാധാരണ ജനവിഭാഗങ്ങളാണധിവസിക്കുന്നത്. റാവു ലഖ്പത്ജിയുടെ കാലത്ത് ആരംഭിച്ച് AD 1801 യിൽ ജമാദാർ ഫതേ മുഹമ്മദ് പണി തീർത്തതുമായ ലഖ്പത് കോട്ട  ഇന്ന് അതിർത്തി സംരക്ഷണസേനയുടെ നിയന്ത്രണത്തിലാണ്. കോട്ടയെക്കൂടാതെ ഗോഷ് മുഹമ്മദ് കബ, സയ്യദ് പിർഷ ദർഗ്ഗ, നാനി മായി ദർഗ്ഗ തുടങ്ങിയ ചരിത്രസ്മാരകങ്ങളും സിഖ് സ്ഥാപകനായ ഗുരു നാനാക്ക് ഹജ്ജിനു മെക്കയിലേക്കു പോകും വഴി വിശ്രമിച്ചതിന്റെ ഓർമ്മപേറുന്ന ഗുരുദ്വാരയും ഒക്കെ ലഖ്പതിന്റെ പ്രധാന ആകർഷകങ്ങളാണ്. പന്ത്രണ്ടാം വയസ്സിൽ സന്യാസം സ്വീകരിച്ച പിർ മുഹമ്മദ് എന്ന സൂഫി വര്യന്റെ അന്ത്യ വിശ്രമസ്ഥലം, ഇവിടുത്തെ ജലത്തിനു ഒട്ടു മിക്ക ത്വഗ്രോഗങ്ങളെയും അകറ്റാൻ പോന്ന ഔഷധഗുണമെണ്ടെന്ന വിശ്വസിക്കപ്പെട്ടുപോന്ന ഒന്നാണ്.


മരുഭൂമിയും സമുദ്രവും പകരുന്ന പെരുംശൂന്യതയെ മുറിച്ചു നിൽക്കുന്ന പൊന്തക്കാടുകളും സ്വൈര്യവിഹാരം ചെയ്യുന്ന മയിൽക്കൂട്ടങ്ങളും അതിരുകളകന്ന ചക്രവാളങ്ങളിലെ ഉദയാസ്തമനങ്ങളും നിർമ്മലമായ അന്തരീക്ഷത്തിൽ മിഴിവാർന്ന് തെളിയുന്ന ചന്ദ്രതാരാദികളും ലഖ്പതിനു ഒരു കാൽപ്പനിക ഭംഗി കൂടി നൽകുന്നുണ്ട്.


തിരികെ പാഴ്നിലങ്ങളെയും പുൽപ്പരപ്പുകളെയും മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങളെയും കടന്ന് ഭുജിലേക്ക് യാത്ര തിരിക്കുമ്പോൾ ഡയറിയിൽ കുറിച്ചു- ലഖ്പത്,നീ സിന്ദൂരമൂർന്ന ഒരു തീരം!

OO  അജിത് കെ.സി

കണ്ണാടി

കവികണ്ടത്

ഓളങ്ങളില്ലാതെ ചിലപ്പോൾ
കുന്നുകൾക്കിടയിൽ കെട്ടികിടന്ന്
പുഴ വിലപിച്ചു,
കണ്ണീരൊഴുക്കാതെ
കരകവിയാതെ...

വിണ്ണിലെദ്ദേവന് കണ്ണാടിയായി
മണ്ണിൽ നിവർന്നുകിടന്നു,
ദാഹവേരുകൾക്കരികെ
അവളുടെ സ്നേഹം തെഴുത്തു

ആരോ പതിയെപ്പാടി,
എല്ലാ ഒഴുക്കും അവളിലേക്ക്
എല്ലാ അഴുക്കും പുഴയിലേക്ക്...

തീരത്ത്,
ഒരു കുട്ടിയുടെ സങ്കടം
ഒരു പെണ്ണിന്റെ വിങ്ങൽ
ഒരമ്മയുടെ ഗദ്ഗദം
ഒരു വൃദ്ധയുടെ ശകാരം
നീയെന്തൊക്കെയാണു കവർന്നത്!

പുഴകണ്ടത്

കിനാക്കളില്ലാത്ത രാത്രിയിൽ
വിയർത്തുമുഷിഞ്ഞ കടലാസിൽ
മഷിവീണു കവിത പടർന്നു,
ഉറങ്ങാതെ
ഉണർത്താതെ ...

വസന്തർത്തുവിനു കണ്ണാടിക്കാഴ്ച്ചയായി
പ്രണയരാവിനൊപ്പം
മണിവീണയിൽ രാഗംതെഴുത്തു

ആരോ പതിയെപ്പറഞ്ഞു
നീ മഴപോലെ പൊഴിഞ്ഞ്
നീ വഴിപോലെ അഴിഞ്ഞ് ...

താളിൽ,
ഒരു കുട്ടിയുടെ നിഷ്ക്കളങ്കത
ഒരു പെണ്ണിന്റെ അഴക്
ഒരമ്മയുടെ വാത്സല്യം
വാർദ്ധക്യ നിനവുകൾ
നീയെന്തൊക്കെയാണ് പകർന്നത് !

OO  അജിത് കെ.സി

2012, ഫെബ്രുവരി 6, തിങ്കളാഴ്‌ച

ഓർമ്മക്കാവടി


ഓർമ്മ തൻ ജാലകക്കാഴ്ചയിൽ
സുതാര്യമാമശ്രുഗോളം പോലെ
ഒരു മയിൽപ്പീലി ഞാൻ കാണുന്നു
ഇമചിമ്മിയതു മറയെ -
യൊരിന്ദ്രചാപം മെല്ലെവിടരുന്നു
അതുകണ്ടാമോദച്ചുവടുകൾ
വച്ചതിവേഗമൊരു മയിൽ നടനമുണരുന്നു
കനവുകളിലറിയാതെ പിന്നെയൊരു
കാർമേഘക്കോളു നിറയുന്നു
അലകടൽ പോലെ മനസ്സുഴിയുന്നു

മയിൽപ്പീലിയാദ്യം കണ്ടതു
ചേച്ചി തൻ പുസ്തകത്താളിലതു
പെറ്റുപെരുകുമെന്നറിഞ്ഞതെന്നാദ്യത്തെ വിസ്മയം
അക്ഷരമുറച്ചില്ലയെങ്കിലും
വടിവില്ലാതത്താളിൽ
'എനിക്ക് സ്വന്ത'മെന്നെഴുതി
ചിരിച്ചു നിന്നൂ അവൾ

ഭസ്മം നനച്ചതിനു തീറ്റയുമായീ
കൊച്ചനിയനിന്നെത്തുന്നു - നീയെവിടെ?
ആമ്പൽക്കുളത്തിലെനിക്കായി
വിടർന്നൊരു പൂവിറുത്തെത്താതെ-
യെത്രനാളാഴത്തിലിനിയും നീ!

വെയിൽച്ചൂടുകൊള്ളാതെ-
യാകാശമറിയാതെ പീലിയിഴയിന്നുമാ
പുസ്തകത്താളിൽ പെറ്റു
പെരുകുന്നൊരായിരം സ്മൃതികളായി...


ഒരു നാളിൽ മയിൽ കാണാൻ
*മലനടക്കാവിലെത്തീ,
ഞാനവിടെ പിടയ്ക്കൊപ്പമാ
പൂവന്റെ ഗർവ്വും പീലിയിൽ
വിസ്മയക്കണ്ണുമേ കണ്ടു

ഒരുത്സവനാളിൽ കരിമരുന്നു കത്തിയാ
കൗരവത്തേവർ തൻ തിരുമുറ്റമായിരം
ചിതയെരിയും ചുടലയായി
കുന്നിനെ കുലുക്കേണ്ട കതിനകൾ
പൂക്കുറ്റി പോലെയാകാശത്ത്
വിസ്മയം തീർക്കേണ്ട തിരികൾ
കൊള്ളിയാൻ പോലെ പാഞ്ഞൊടുവിൽ
പൂവാകയായി വിടരേണ്ട നിറകൾ
ഒക്കെയുമൊന്നായെരിഞ്ഞ്
തീച്ചുടല തീർത്തവിടെ താണ്ഡവമാടി
ആ നടുക്കത്തിലുമക്കാവിൽ
ഞാൻ തേടിത്തളർന്നതെൻ
മയൂരക്കാഴ്ചകൾ...


ഓർമ്മയിൽ വീണ്ടുമൊരു കുഴൽ നാദമെത്തുന്നു
കനവുകളിൽ രാധയെത്തുന്നു

മയിൽനീല പ്രണയവർണ്ണമെന്നോതി
തൂലികത്തുമ്പിൽ മഷിയായി നിറഞ്ഞവൾ
മൊഴികളാൽ മിഴികളാലെൻ കവിതയ്ക്കീണം പകർന്നവൾ
ചാരത്തിരുന്നെന്റെ ജീവനു താപം പകർന്നവൾ
കൈത്തണ്ടപിടിച്ചെൻ ഹൃദയതുടിതാളമെണ്ണിയതിൻ
വിങ്ങുന്ന വേഗവുമാലസ്യവുമറിഞ്ഞവൾ
തോളിൽ പിടിച്ചൊപ്പം നടന്നൊരു
കണ്ണാടിപോലെ സുഹൃത്തായി മാറിയോൾ
വസന്തവും വറുതിയുമൊരു പോലെകണ്ട്
മോഹം പകുത്തെന്നിൽ നിലാവായി
പിന്നെയെങ്ങോ മറഞ്ഞു നിന്നെന്റെ
കണ്ണടയ്ക്കുള്ളിലിരുളു നിറയ്ക്കുവോൾ

നിന്നെ തിരഞ്ഞു നരവീണു വർണ്ണങ്ങൾ
ജീവിതത്തിരക്കിൽ മറന്നു മയൂരനടനച്ചുവടുകൾ...


ആയിരം കണ്ണുകളുടെ പുനർജ്ജനി,
അമരനൊരു മാർജ്ജാരനിരുൾച്ചേറിലൊരു
താമരത്തണ്ടിൽ തണൽ തേടിയലയുന്നു
ഇന്നീ പെരുവഴിയമ്പലത്തിണ്ണമേൽ
കാവടി ഭിക്ഷയ്ക്കു കൈനീട്ടിനിൽക്കുമ്പോൾ
ഈണമെഴാതെ മനസ്സു പാടുന്നു,
മയിൽപ്പക്ഷീ, സ്മൃതിയുടെ തുടിയുടെ
അമൃതു നീ അക്ഷരം നീ...


OO അജിത് കെ.സി

കവിത കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

*  കൊല്ലം പോരുവഴി പെരുവിരുത്തി മലനട. 1990 ൽ ആണ് മലനടയിൽ നാടിനെ നടുക്കിയ ആ വെടിക്കെട്ട് ദുരന്തം ഉണ്ടായത്.

2012, ഫെബ്രുവരി 4, ശനിയാഴ്‌ച

തിരികെ യാത്ര

തിരികെ ഞാനെത്തുന്നു യാത്ര തന്നന്ത്യത്തിൽ
നരവീണ കനവുമായി കുടിലിലേക്ക്,
നിറമാർന്ന സന്ധ്യയിൽ ശാരികപ്പാട്ടിന്
ചെകിടോർത്ത് സ്മൃതിയിൽ കുളിരുമായി ...      (തുടർന്നു വായിക്കുക)


OO  അജിത് കെ.സി


കവിത കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുവജനോത്സവം

യുവജനോത്സവം

അംഗരാഗങ്ങളണിഞ്ഞ്
അടിവസ്ത്രങ്ങളണിഞ്ഞ്
മഞ്ഞപ്പട്ടുടുത്ത്
പുല്ലാങ്കുഴലുമെടുത്ത്
യാത്ര പറഞ്ഞിറങ്ങുമ്പോൾ
മുടിക്കെട്ടിൽ അവളാണ്
മയിൽപ്പീലി ചൂടിത്തന്നത്

എ ഗ്രേഡിൽ
തിരികെയെത്തുമ്പോൾ
മഞ്ഞപ്പട്ടിന്റെ ഞൊറിയഴിഞ്ഞിരുന്നു,
പ്രണയക്കുരുക്കിട്ട
കറുത്ത ചരടൊഴികെയെല്ലാം
വിധികർത്താക്കൾ കവർന്നെടുത്തിരുന്നു!

OO

നിഷാദേന്ദ്ര മോക്ഷം


കാട്ടാളനു കൂട്ടുകാരൻ
മരൻ എന്നു പേരുള്ള
പട്ടിക്കുട്ടിയെ നൽകി

മരാ മരാ ചൊല്ലി
കവിതയെഴുതി,യവൻ
നാരായണപാദം പൂകി!

OO  അജിത് കെ.സി

ജീവിതം....

തലമുറഭേദം
==========
പുതിയ വീടിന്റെ
ഒറ്റക്കതകിനിപ്പുറം
ശീതീകരണിയോടി
വിയർത്തപ്പോഴും
കാരണവർ കയർത്തു,
"ശ്വാസം മുട്ടുന്നു!"

ഭഗ്നപ്രണയം
===========
കറുത്തരാവിൽ
മുന്തിരിപ്പഴം
പുളിക്കുന്ന
തിമിരക്കൗശലം

ജീവിതം
===========
ജനിച്ചവന്റെ കടം
ഗർഭപാത്രത്തിന്
മരിച്ചവന്റേത്
ശവപ്പെട്ടിക്ക്
ഇടയിലിങ്ങനെ
കടങ്ങൾ പെരുകി...

ന്യായം
==============
ചുരം കടന്നെത്തിയ
കുളിർ കാറ്റ് പറഞ്ഞു
വാതിലില്ലാക്കാലം
ദ്വാരപാലകന് ഭിക്ഷ!

OO പാര 2004

2012, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

തിരിച്ചു വരവ്

യാന്ത്രികശക്തിക്കടിമപ്പെട്ടിട്ടെന്നവണ്ണം ഞാനാ പടിപ്പുരവാതിലിൽ നിന്നു പോയി. അപ്പോൾ പുറത്തേക്കു വന്ന തടിച്ച മനുഷ്യൻ മലർന്ന ചുണ്ടുകൾ വലിച്ചു നീട്ടി ചിരിച്ചു.

" എന്താ അവിടെ നിന്നത്? അകത്തേക്ക് വരാമല്ലോ..."

കേൾക്കാത്ത ഭാവത്തിൽ നടന്നുവെങ്കിലും ആ പടിപ്പുരയിൽ തന്നെയായിരുന്നു ഞാൻ. ചുളിഞ്ഞ പുരികങ്ങളുമായി ഇറങ്ങി വരുന്നത് ആ മനുഷ്യൻ തന്നെ.

"എന്താ അവിടെ നിന്നത്? അപ്പുറത്തേക്ക് ചെല്ല്.."

ആജ്ഞ അനുസരിച്ചിട്ടെന്നവണ്ണം അപ്പുറത്തേക്ക് ചെന്ന് അടുക്കളവാതിലിൽ മുട്ടി. കതകു തുറന്നിറങ്ങിവന്ന സ്ത്രീയെന്നെ അടിമുടി നോക്കി നിന്നു. ചേറു പുരണ്ട കാലുകൾ കണ്ടിട്ടാവണം അകത്തേക്ക് കാലുകഴുകി വരുവാൻ പറഞ്ഞത്.

അതെ, ഒരു വേള കൂടി അടുക്കളവാതിലിൽ മുട്ടി. കൈയ്യിൽ പുരണ്ട കരി ഒട്ടു ജാള്യത്തോടെ തുടച്ചുനിൽക്കെ ആ സ്ത്രീ ഇറങ്ങി വന്നു. അവരുടെ മുഖത്തേക്കു നോക്കിയില്ലെങ്കിലും ആ കണ്ണുകളിലെ അത്ഭുതം ഞാൻ അറിഞ്ഞു. ചെരിപ്പഴിച്ച് അകത്തേക്ക് വരാം. വീണ്ടും അവരുടെ അനുസരണയുള്ള മകനായി മാറാനേ എനിക്ക് കഴിഞ്ഞുള്ളൂ.

OO  അജിത് കെ.സി

  • കേളികൊട്ട് മാസിക,1995 സെപ്റ്റംബർ
  • യുവകലാസാഹിതി മാസിക, 1996 ജൂലൈ

മുല്ലമൊട്ടുകൾ വിടരുകയാണ്...

സമുറായിയുടെ നോ പ്രോബ്ലം യാത്ര പഥ്യമാക്കിയ കാലം. കാരണവർ കനിഞ്ഞു നൽകുന്ന വെറ്റിലയ്ക്കു കാത്തു നിൽക്കുന്ന തേവൻ പണിക്കന്റെ എണ്ണ കിനിയും മേനി പോലെ ഓഫീസ് കെട്ടിടത്തിനു കീഴേ വൈകുന്നേരങ്ങളിൽ അന്നും മഹാപാത്ര ഓച്ഛാനിച്ചുണ്ടായിരുന്നു. അയാളുടെ ചൂണ്ടുവിരലിൽ തുണി ചുറ്റിയിരിക്കുന്നത് കണ്ട് ഞാൻ കളിയാക്കി.

"പെൺകോന്തൻ... കറിക്കത്തി മുറിവ് വീഴ്ത്തിയതാകണം! "

സുഖമുള്ള ഒരു ചിരിയെറിഞ്ഞുകൊണ്ട് അയാളുടെ തേഞ്ഞ ആംഗലേയവും പിൻസീറ്റിൽ കയറിപ്പറ്റി. മുല്ലപ്പൂക്കളുടെ സൗരഭ്യമെത്തിയപ്പോൾ രാധ വീണ്ടും പിന്നിലുണ്ടെന്നു തോന്നി. സുഖസ്മൃതികളിൽ മുല്ലഗന്ധം നിറഞ്ഞു...

"നിന്റെ സ്നേഹത്തിനു പകരം നൽകാൻ എനിക്ക് ഈ മുല്ലമൊട്ടുകൾ മാത്രമേയുള്ളൂവല്ലോ.." 

കിടക്കയിൽ നിന്ന് ചെമ്പിച്ചു തുടങ്ങിയ മുല്ലപ്പൂക്കൾ പെറുക്കിക്കളയുന്നതിനിടെ മുമ്പൊരിക്കൽ മിസിസ്സ് മഹാപാത്ര പറഞ്ഞതോർക്കുന്നു. "ഗോപൻ, മുല്ലപ്പൂക്കൾ മനസ്സിൽ ചൂടാനുള്ളതല്ല, ജീവിതം അതിന്റെ സുഗന്ധത്തിൽ കൊരുത്തെടുക്കണം..."

മുല്ലപ്പൂക്കൾ വെൺസുഗന്ധമായന്നും നിറഞ്ഞു, രാധേ...

പാലത്തിലെ വാഹനത്തിരക്കിലൂടെ ആയാസപ്പെട്ട് മുന്നേറവേയാണ് വണ്ടിയിൽ നിന്ന്  മഹാപാത്ര പെട്ടെന്ന് ചാടിയിറങ്ങിയത്.

"എന്റെ മുല്ലമാല..."

മഹാപാത്രയുടെ ക്യാരിബാഗിൽ നിന്നും വഴുതിവീണ മുല്ലമാല പാലത്തിൽ അത്യപൂർവ്വമായ ഒരു ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയായിരുന്നു. ചതഞ്ഞ മുല്ലപ്പൂക്കളിൽ നിന്നും വെണ്മയും സുഗന്ധവും ചോർന്നൊഴുകി...!

OO അജിത് കെ.സി (അകംപുറം മാസിക, 2001 FEB) 

സ്വരഭേദം

പ്രണയ ശൈശവത്തിലേക്ക്
വസന്തം പെയ്തപ്പോൾ
അവൾ പറഞ്ഞു;
യൗവ്വനം തന്നെ പൂക്കാലം
പൂ ചുരത്തും സൗരഭ്യം
നമുക്ക് ലഹരിയല്ലോ...

വഴിമരച്ചില്ലയിൽ
പ്രണയാവേശമുടഞ്ഞ്
വസന്തം കൊഴിഞ്ഞപ്പോൾ
കുറുമൊഴികൾ വീണ്ടും;
കുന്നിറങ്ങാം നമുക്കിനി
മറക്കുവാനിണ വേണ്ടല്ലോ!

OO അജിത് കെ.സി (ഉണ്മ മാസിക, 2002 ജൂലൈ)

മണിപ്രവാളം


മരയോന്തും മരഞ്ചാടിയും
തമ്മിലുണ്ടായ
പ്രണയ ഉടമ്പടിയ്ക്ക്
കുറച്ചധികം പഴക്കമുണ്ടെന്ന്
പറഞ്ഞാൽ വിശ്വസിച്ചേക്കില്ല

മഹായുദ്ധങ്ങൾക്ക് മുമ്പ്
ഡാർവ്വിനു മുമ്പ്
(ഇതിഹാസകാലത്തെക്കുറിച്ച്
പറയാൻ വേണ്ടത്ര വിവരമില്ല!)
അതിരു നിശ്ചയിക്കാത്ത
ഏതോ ഉഷ്ണമേഖലാവനത്തിൽ
ഉച്ചമയക്കത്തിൽ
പുറം ചൊറിഞ്ഞ്
ഒരു നിലവിളി പോലെ
പിറന്നു തഴച്ചതായിരുന്നു
ആ പ്രണയം

പ്രണയകാലത്ത്
പ്രാണേശ്വരന്റെ
മെയ്യഭ്യാസങ്ങൾ കണ്ട്
പെണ്ണാൾ
മരച്ചില്ലയിൽ കുലുങ്ങിച്ചിരിച്ചു,
പ്രണയവർണ്ണങ്ങളണിഞ്ഞു
മഞ്ഞുകാലം കഴിഞ്ഞ്
പ്രണയമാകട്ടെ
അവതാരഗർഭം കൈക്കൊണ്ടു...

പുത്രപുംഗവൻ
ഇരുകാലിൽ നടന്ന്
കരണം മറിഞ്ഞ്
നാവു നീട്ടി
നിറം മാറി നിറം മാറ്റി
ഇര തേടിയിരുന്നു!

മരഞ്ചാടി മുത്തശ്ശാ,
മുറിയാത്ത വാലുമായി
ഇനിയെങ്കിലും നീ
ശബ്ദസാഗരത്തിലെ
നിബിഢവനത്തിലേക്കുൾവലിയുക
പ്രണയസൗഗന്ധികവും കാത്ത്
അവിടെയുണ്ടാകും പ്രാണേശ്വരി,
ഗർഭപാത്രം കഴുകി കമഴ്ത്തി
മഞ്ഞുകാലത്തിന്റെ
നരവീണ നൊമ്പരങ്ങളുമായി!

OO അജിത് കെ.സി