2011, ഡിസംബർ 5, തിങ്കളാഴ്‌ച

കവിതയുടെ മധുരംഉതിർമണി തേടിയിറങ്ങീ-
യൊടുവിൽ ഇരുവഴിയായീ
പെരുവഴി തന്നിൽ വീണ്ടും
കൂടാനലയും പക്ഷികൾ നമ്മൾ

വഴിയിൽ ചെറുവളവിൽ
ഇനിയും തമ്മിൽ കാണുവതെന്ന്
വിധിവിഹിതം ദുരിതക്കഥകൾ
ഒരു കഥയായി പാടുവതെന്ന്

കനലെരിയും നെഞ്ഞോ സൂര്യൻ
കൂരിരുളിൽ മഞ്ഞോ തിങ്കൾ
കവിതയ്ക്കു ചുണ്ടിൽ മധുരം
കവനം നീ തുടരുക പെണ്ണേ

കരളെരിയും മണ്ണിൻ ദാഹം
കനവിടറും വിണ്ണിൻ മോഹം
തീയുറയും മനമായി നോവായി
തീരുവതീ കടലിൽ പ്രളയം

തിര തീരും നേരം നോക്കി
മഴയൊഴിയും മാനം നോക്കി
പൊരിവെയിലിൻ ചൂടതു മാറും
വെണ്മേഘത്തണലും നോക്കി

കതിരുലയും കനവുൾപ്പേറി
ഒരുവഴിയാകാനൊത്തു പറക്കാൻ
നേരക്കമ്പിക്കെന്നും മുന്നേ
ഗതി തുടരുന്നോർ നമ്മൾ

പോകും വഴികളിലൊക്കെ-
യിരുളിൻ വെള്ളിക്കണ്ണുകൾ
മോഹക്കതിരുകൾ തീർക്കും
മാറാലക്കെണികൾ ചുറ്റും

വഴിമറവികൾ മുള്ളുകൾ
മുറിവുകൾ കാലക്കെടുതികൾ
ഒരു മോഹത്തണലതു മാത്രം
ശരവേഗമെത്തുകയരികേ

ഒരു കൂടിന്നു കൊമ്പുകൾ കൂട്ടീ-
യൊരു രാവിൽ മോഹം നെയ്തു
ഒരു പാതിരയൊന്നായിപ്പാറീ-
യൊരു കഥയിലൊന്നായിത്തീർന്നു

ഇണപിരിയും പക്ഷിയ്ക്കറിയാ-
മൊരു തൂവൽച്ചൂടിൻ നഷ്ടം
വിട പറയും നേരത്തറിയാ-
മൊരു പാട്ടിൻ ഗദ്ഗദകണ്ഠം

അറിയുന്നൂ വേർപാടിൽ ഞാനീ
പ്രണയത്തിന്നാഴം തന്നെ
അറിയുന്നാ വേദനയിന്നു്
കവിതയ്ക്കൊരു മധുരം മാത്രം!

OO  അജിത് കെ.സി

കവിത കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2 അഭിപ്രായങ്ങൾ:

sabna പറഞ്ഞു...

അറിയുന്നൂ വേർപാടിൽ ഞാനീ
പ്രണയത്തിന്നാഴം തന്നെ
അറിയുന്നാ വേദനയിന്നു്
കവിതയ്ക്കൊരു മധുരം മാത്രം.....
..........................
(വിരഹം അക്ഷരങ്ങൾ ആവുമ്പോഴാണത്രെ നല്ല കവിയും, നല്ല സൃഷ്ടിയും ഉണ്ടാകുന്നത്.......)

maya പറഞ്ഞു...

ഇണപിരിയും പക്ഷിയ്ക്കറിയാ-
മൊരു തൂവൽച്ചൂടിൻ നഷ്ടം
വിട പറയും നേരത്തറിയാ-
മൊരു പാട്ടിൻ ഗദ്ഗദകണ്ഠം..