2011, ഡിസംബർ 10, ശനിയാഴ്‌ച

ദെൽഹൗസിയും പ്രണയവും

തുറന്നുവച്ച
ചരിത്രപുസ്തകത്തിൽ
ദെൽഹൗസി ചിരിച്ചു

അടുത്തു വന്നിരുന്ന
കളിക്കൂട്ടുകാരൻ
പ്രണയം പറഞ്ഞില്ല,
കണ്ണിൽ കുടുങ്ങിയ
കവിത കരളിലെറ്റിക്കാതെ
ഹൃദയവേഗം
പുസ്തകത്താളെണ്ണി
നിശ്ശബ്ദമിരുന്നു...

ദെൽഹൗസിയുടെ
ഭരണപരിഷ്ക്കാരങ്ങളിൽ
തീവണ്ടി കൂകിപ്പാഞ്ഞു
അഞ്ചലോട്ടക്കാരൻ
അമൃതം വിളംബി...

ഉത്തരക്കടലാസിൽ
ഒന്നരപ്പുറമെഴുതി,
ചോദ്യം
രണ്ടു മാർക്കിന്റേതായിരുന്നു!

എഴുതാപ്പുറങ്ങളിൽ
അവൻ കുറിച്ചു,
ഓർമ്മകളുടെ
ഓർമ്മപ്പെടുത്തലുകളുടെ
വാരിയെല്ലുകൾ
അന്യോന്യം
അകത്തോട്ടുമടക്കിയ
രണ്ടു് നട്ടെല്ലുകൾ പോലെ,
റെയിൽപ്പാളം
സമാന്തരം!

അഞ്ചലോട്ടക്കാരൻ
വിലാസം തേടിയലഞ്ഞു!

ദെൽഹൗസി പ്രഭു
വീണ്ടും ചിരിച്ചു,

ഇരു ഹൃദയങ്ങൾക്കിടയിൽ
ചരിത്ര പുസ്തകം
പ്രപഞ്ചമായി വിടർന്നു
പ്രകാശമായി വിളറി!
==================
അജിത് കെ.സി (2011)

അഭിപ്രായങ്ങളൊന്നുമില്ല: