2011, ഡിസംബർ 10, ശനിയാഴ്‌ച

പ്രദർശനശാലയിൽ

നഗരത്തിരക്കിൽ
ഇരുളുവീണൊറ്റപ്പെട്ട
പ്രദർശനശാലയുടെ
അകമേ അവശേഷിക്കുന്ന
കുറെ കാണാച്ചിത്രങ്ങളുണ്ട്

തന്റേതു മാത്രമായി
ഉള്ളിൽ പൊതിഞ്ഞെടുത്ത
ചായക്കൂട്ടുകൾ ഏതോ
കാക വിശപ്പിൽ
മൗനം വെടിഞ്ഞു
വിധി വരഞ്ഞപ്പോൾ
പെയ്തിറങ്ങിയ വസന്തം
നിങ്ങൾക്കു സ്വന്തം

മഴമേഘങ്ങൾക്കകലെ
നോവിന്റെ നിറക്കൂട്ട്
കൂടുവിട്ട് കൂടുമാറിയപ്പോൾ
നിങ്ങളുടെ കാഴ്ചയ്ക്കു
മലരണി ശയ്യ
സ്വപ്നസഞ്ചാരം
വർണ്ണസ്മൃതികൾ...

പന്തിരു കുലങ്ങളായി
ജന്മങ്ങളെ അകറ്റി
മുറിച്ചു വച്ച മനസ്സിന്റെ
ചെമ്പരത്തിശോഭ
മാലകിന്നരികളായി
നിങ്ങളണിയുക.

ഒരു പൂവും സുഗന്ധവും
മധുരവും തിരികെ വേണ്ട!

കടുത്ത ചായങ്ങളുടെ
കറയിൽ പിറന്നത്
കയർത്തു നിൽക്കുന്ന
നേരക്കയർപ്പുകൾ ...

ജലതരംഗങ്ങളിൽ
വിഹരിച്ച കുറ്റത്തിനു
ക്രൂശിതനായിപ്പോയ
സ്വർണ്ണമത്സ്യം

മഴയിൽ നനഞ്ഞു
പുതുമ പോയ
പുടവ പോലെ
കടലാസുചേർന്ന
പ്രണയ കാമനകൾ

പകൽ ചൂണ്ടലിന്റെ
നിദ്രയുണർത്തലിൽ
ഇതൾ കൊഴിഞ്ഞ
വെള്ളനിലാപ്പൂക്കൾ

യൗവനമാശ്ലേഷിച്ച
കണ്ണടക്കാഴ്ചകൾ
അവയുടെ ശലഭച്ചിറകുകൾ
വ്രണിതമായ ഉറക്കുപാട്ട് …

വരഞ്ഞു വീണതൊക്കെയും
കണ്ണാടിക്കൂട്ടിലെ
ഇണചേരൽക്കാഴ്ചകൾ

എന്തെല്ലാമാണ്
നിങ്ങൾ കവർന്നത്
ഏകാകിയായ ഏതൊ
ചിത്രമെഴുത്തുകാരന്റെ
പുടവയഴിഞ്ഞ മനസ്സാണു
നിങ്ങൾ കണ്ടു രസിക്കുന്നത്,
ഗുഹ്യമായ മനോലിം ഗമാണു്!
===================
അജിത് കെ.സി

അഭിപ്രായങ്ങളൊന്നുമില്ല: