2011, ഡിസംബർ 10, ശനിയാഴ്‌ച

ഇന്റർവെൽ

ഒന്നു മലക്കം മറിഞ്ഞാൽ
പിന്നിലെ ജനാല വഴി
സ്കൂൾവേലിയുടെ
പഞ്ഞക്കീറലിലൂടെ
കൃഷ്ണനാശാന്റെ മാടക്കട

എത്തിവലിഞ്ഞു
ഇടങ്കയ്യിലെ
നാണയത്തുട്ടു കൊണ്ട്
മിഠായി ഭരണിയിൽ
ഇന്റെർവൽ മണി

പാതിതെറുത്ത
അരയാലിലയിൽ
കപ്പിയിൽ കയർ വലിയും
ശ്വാനയുറക്കം

അച്യുതൻ മാഷ്
പറഞ്ഞ കഥയിലെ
തച്ചന്റെ പാവ
മുറ്റത്തേക്കു നീട്ടിത്തുപ്പി
പരുന്തിന്റെ
പന്തടക്കത്തിൽ
നാണയം കൈക്കലാക്കി
കണ്ണടയ്ക്കു മുകളിലൂടെ
ഒരു സൂചിക്കണ്ണേറു്

പലവർണ്ണങ്ങൾ
നാരങ്ങാമുട്ടായി
കോലു മുട്ടായി
സീറേറ്റു മുട്ടായി...

വലങ്കയ്യിലേ
വാങ്ങാവൂ

പൊട്ടിയൊഴുകുന്ന
ടാപ്പുവെള്ളത്തിൽ
വലംകൈ പിടിച്ചു
"ഗംഗേച യമുനേ..."

ചാണകപ്പാപം
അടർന്നൊഴുകി,
മൂത്രപ്പുരയിൽ
ഗോപി വരച്ച
മാളുക്കുട്ടിയുടെ പടം
ചാണകം മൊത്തി നിന്നു!
================
അജിത് കെ.സി

അഭിപ്രായങ്ങളൊന്നുമില്ല: