2011, ഡിസംബർ 10, ശനിയാഴ്‌ച

വിബ്ജിയോർ

ഒരുശിരൻ
ജാലവിദ്യയിലൂടെ
ഓടു തുളച്ചിറങ്ങിയ
വെയിൽത്തൂണിനെ
സൗദാമിനി ടീച്ചർ
പ്രിസത്തിലടച്ച്
റിബണുകളാക്കി
പുറത്തെടുത്തു

വെള്ളവിരിഞ്ഞ
കോഴിക്കുഞ്ഞുങ്ങൾ
ചായം പുരട്ടി
പരുന്തു കാണാതെ
പമ്മിയിരുന്നു

ഏഴു റിബണുകളെ
എഴുപതാൾക്ക്
വീതിച്ച് ടീച്ചറും
കഞ്ഞിവെപ്പുകാരൻ
രാമ്മ്വേട്ടനെപ്പോലെ
ചരിത്രത്തിലേക്കു കയറി

മാളുവിനു നീല
പാത്തുമ്മയ്ക്കു പച്ച
ഗൗരിയ്ക്കു ചുവപ്പു്...

ന്യൂട്ടന്റെ ഒരൊറ്റ
പമ്പരക്കറക്കത്തിൽ
പിന്നെയെല്ലാം തിരികെ
കൂടണഞ്ഞപ്പോഴാണു
എനിക്കു സമാധാനമായതു!

OO അജിത് കെ.സി
കവിത കേൾക്കുവാൻ ഇവിടെ ക്ലിക്കു ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല: