2011, ഡിസംബർ 10, ശനിയാഴ്‌ച

തിരിച്ചറിവ്

പുതുമൊഴി
========
പുറത്തു വിടർന്നത്
പൂമുഖത്തു വയ്ക്കുക
അകത്തു പുകഞ്ഞത്
അടുക്കളയിലാഴ്ത്തുക!
================ (ഗ്രാമം 2005 ഫെബ്രുവരി)

കവിതകണ്ഠൻ
==========
കഴുത്തിനു പിടിച്ചത്
ആസ്വാദകൻ
വായ പൊത്തിയത്
നിരൂപകൻ

തിരിച്ചറിവ്
=======
പുഴയിൽ അവളെക്കണ്ടു
അവൾ അയാളെയും
പ്രണയത്തിന്റെ പുഴ;
അവർ ഇരു കരകളിലായിരുന്നു!

ദാമ്പത്യം
======
നമ്മളിരുവരും
ഒരേ കുടക്കീഴിലായിരുന്നു
പരസ്പരം നനയ്ക്കരുതെന്ന
കടുത്ത ശ്രമത്തിൽ
നാമിരുവരും നനഞ്ഞു!

വിധി
====
ഞാനുറക്കെയുറക്കെ പറഞ്ഞു
സ്വതന്ത്രനാണെന്ന്
സത്യം കേൾക്കേണ്ടവൻ
ബധിരനായിരുന്നു!
===============
അജിത് കെ.സി (പാര 2003 ഡിസംബർ)

അഭിപ്രായങ്ങളൊന്നുമില്ല: