2011, ഡിസംബർ 10, ശനിയാഴ്‌ച

നാലു കുളിക്കടവുകൾ

1. ലഖ്പത് *

ഒരു ത്രിമാനചിത്രത്തിന്റെ
അതിസൂക്ഷ്മതയിലാണു
പുഴ നാലുവശത്തേക്കും
പിന്മാറി അവളുടെ
അംഗലാവണ്യമഴിച്ചത്


കൃഷ്ണാ…
ദ്വാരകയടുത്തല്ലേ
പുഴയായൊഴുകി
ഈ കുളിക്കടവ് നിറയ്ക്കു!

2. കാർത്തവീര്യാർജ്ജുനൻ

ആയിരം കൈകൾ
അതിവിദഗ്ദ്ധം
പിണഞ്ഞണകെട്ടി
നീ കുളിക്കടവു തീർത്തു…

മഴു വീണ്ടും
മരമൊടിച്ചല്ലോ
പുഴ തിരികെ
ജടയിൽ കൂടണഞ്ഞല്ലോ!

3. മുല്ലപ്പെരിയാർ

അണപൊട്ടുമെന്നും
അടിതെറ്റില്ലയെന്നും
അരിവറുക്കാൻ നാം
അണിതെറ്റിയല്ലോ...

അണയുവതിൻ മുന്നേ
അണയുന്നൂ ചാരത്ത്
അകം മുറിഞ്ഞെഴാ വാക്കിന്റെ
അഴലിനെപ്പൊറുക്കുക!

4. സരസ്വതി

എനിയ്ക്കറിയാം
കൊടിയ വാക്കിന്റെ-
യതി ദൂഷിത മൗനവും
അപഥസഞ്ചാരത്തിന്റെ
മേനികഴുകലും വാഴ്ത്തലും,
കുമ്പിളിൽ നിറയ്ക്കുവാനില്ല,
മണ്ണോടു ചേരുക,
വേരാഴ്ത്തിയാൽ
അഴുകാതെ ഞാനവിടെയുണ്ടാകും!

OO അജിത് കെ.സി

കേളികൊട്ട് ബ്ലോഗ് മാഗസിനിൽ പ്രസിദ്ധീകരിച്ചത് (വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

(ലഖ്പതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

1 അഭിപ്രായം:

Shaleer Ali പറഞ്ഞു...

അണയുവതിൻ മുന്നേ
അണയുന്നൂ ചാരത്ത്
അകം മുറിഞ്ഞെഴാ വാക്കിന്റെ
അഴലിനെപ്പൊറുക്കുക!കാവ്യഭംഗി കൈവിടാതെയുള്ള ശക്തമായ ഈ രചനകള്‍ക്ക് അഭിനന്ദനങ്ങള്‍ .........:))