2011, ഡിസംബർ 10, ശനിയാഴ്‌ച

മഴുഭൂമി

മരം വെട്ടുകാരൻ
ശുദ്ധൻ

നീർദേവത
കനിഞ്ഞേകിയത്
മൂന്നു മഴു മൂർച്ചകൾ

ആദ്യ മഴുവാൽ
മാതൃഗളം തന്നെ!
അച്ഛൻ അനുഗ്രഹിച്ചു
സ്വായുധം സുവർണ്ണം

വെണ്മഴു കൊണ്ടു
നിയമവാഴ്ച തൻ
കുലം മുടിച്ചു
ക്ഷത്രിയം ക്ഷൗരം

മരം വെട്ടുകാരൻ
ഊർജ്ജസ്വലൻ

പൂക്കൾ കൊഴിഞ്ഞപ്പോൾ
വസന്തം പറഞ്ഞു
ഇനിയും വിടർത്താം

ഇലകൾ ഉതിർന്നപ്പോൾ
മണ്ണു ആശ്വസിപ്പിച്ചു,
ഗർഭത്തിൽ വിത്തൊളിപ്പിച്ചു
കൂടില്ലാക്കിളികൾ
കണ്ണീർ വെടിഞ്ഞു

ആചാരം ചൊല്ലി
അനുവാദം വാങ്ങി
മഴു മുറിവിൽ
മരങ്ങൾ വീണു!

പെരും തച്ചനു
കാഴ്ചയായി നേർച്ചയായി
വിറകും വിനോദവും!

മരം വെട്ടുകാരൻ
കാളിയെ സ്തുതിച്ചു
നാവിൽ തറഞ്ഞു
നാദം ത്രിശൂലം

മഴു നീട്ടിയെറിഞ്ഞ
വരനീളത്തിൽ
മരമൊടിഞ്ഞു…

മഴയൊഴിഞ്ഞു
പുഴയൊഴിഞ്ഞു,
കടലൊഴിഞ്ഞുയർന്ന
മരുഭൂമിയിൽ
മനമുരുകി
ഉഷ്ണ താപസം

രാകിയെറിഞ്ഞ മഴു
ദ്വാപരത്തിൽ
മരമായി കിളിർത്തു
കല്പകം വൃക്ഷം

ഇനി, ഭൃഗുരാമ,
നിൻ പാദാരവിന്ദങ്ങൾ
വേടന്റെ പക്ഷി
സുവർണ്ണ സ്വർഗ്ഗം
പാപമോക്ഷം !
==============
അജിത് കെ.സി

അഭിപ്രായങ്ങളൊന്നുമില്ല: