2011, ഡിസംബർ 10, ശനിയാഴ്‌ച

സന്തുഷ്ടരാണു നാം

ചുവന്ന കൊടിയടയാളമുള്ള
വിവാഹ മംഗളാശംസ
ചുവരിൽ വിക്കി വിക്കിച്ചിരിച്ചു

അവകാശമോതി
കുങ്കുമമണിഞ്ഞവൾ
ഫോട്ടോയും പകുതി പകുത്തു

വെള്ളിനൂലുകളുടെ
അസ്ഥി പഞ്ജരത്തിൽ
പ്ലാസ്റ്റിക് പൂക്കൾ
അവശേഷിപ്പിച്ച വരണമാല്യം
ഉറിപോലെ ഞാന്ന്
ഉണങ്ങിയ നാരങ്ങാചുട്ടിയുമായി
ആണിയിൽക്കിടപ്പുണ്ട്

കാലിളകാത്ത കട്ടിലിന്റെ
ഒറ്റത്തലയിണയോരത്തു
കൊതുകുതിരികളുടെ
ഭസ്മക്കൂമ്പാരം

ചില്ലു ജനാലയിൽ
വെള്ളത്തുള്ളികൾക്കൊപ്പം
ഒട്ടിനിൽക്കുന്ന മഴപ്പാറ്റകളുടെ
മിന്നൽപ്പിണർ ദൃശ്യം

കർട്ടൻ വലിച്ചിട്ട്
ഒറ്റയാൻ മെഴുതിരി
ഊതിക്കെടുത്തവേ
ശുഭരാത്രിയോതി
മൊബൈൽ സന്ദേശം!
=================
അജിത് കെ.സി

അഭിപ്രായങ്ങളൊന്നുമില്ല: