2011, ഡിസംബർ 10, ശനിയാഴ്‌ച

സ്കൂൾ മുറ്റത്തെ മൂന്നു മരങ്ങൾ

ആദ്യ മരം
രാമവർമ്മ സാർ നട്ടതു്,
രാജമല്ലിയോ
ഗുൽമോഹറോ
കണിക്കൊന്നയോ
ബോധിയോ...
മരമേ നിന്റെ പേരെന്താണു,
എനിക്കും ഇവൾക്കും
പേരുള്ളതുപോലെ?

രണ്ടാം മരം
കുറുപ്പു സാർ നട്ടതു്,
ഒരു വട്ടം കൂടിയാ
തിരുമുറ്റത്തേക്കെത്തുവാൻ
മോഹിപ്പിക്കുന്ന
ഓർമ്മകളുടെ നെല്ലിമരം

മൂന്നാം മരം
പ്രണയത്തിന്റെ
കാർവർണ്ണങ്ങൾ
കായ്മധുരമായുതിർന്ന,
കന്നിമൂലയിൽ
ഞാൻ നട്ട ഞാറ മരം

വിക്രമാദിത്യ ക്ലാസ്സ് വിട്ടു്
ആ മരത്തിലേക്കവൾ
പറന്നു കയറി!

ചേക്കേറിയിരുന്നു,
ചേലിലിരുന്നു...

ആകാശം മുത്തുന്ന
ആ മരത്തിനു
ഹാജർ പുസ്തകത്തിൽ
പേരുണ്ടായിരുന്നില്ല!
=================
അജിത് കെ.സി (2011)

അഭിപ്രായങ്ങളൊന്നുമില്ല: