2011, ഡിസംബർ 10, ശനിയാഴ്‌ച

സൗഹൃദത്തിന്റെ സൗന്ദര്യശാസ്ത്രം

അച്ചിൽ നിറയ്ക്കും
അക്ഷരങ്ങളിലല്ല
സൗഹൃദത്തിന്റെ സൗന്ദര്യശാസ്ത്രം

കണ്ണു കഴയ്ക്കുന്ന
കാത്തിരുപ്പില്ലാതെ
പ്രഭാതം പോലെ
വിടരുന്നതാണാ സൗരഭ്യം

പാണപ്പാട്ടുകളിലെ
വായ്ത്താരിയിലല്ല
സന്ധ്യാരാഗം പോലെ
നേർത്തതാണാ സ്വരം

തത്വശാസ്ത്രത്തിന്റെ
നെരിപ്പോടുകളിലല്ല
വഴിമരച്ചായ് വിലെ
കിനാക്കളിൽ കലഹങ്ങളിൽ
തീരുന്നതാണാ ആലസ്യം

മൗനമക്ഷരം നിലാവുപോലെ...

കടലാസു ചുരുളിനോ
കാലഭേദങ്ങൾക്കോ
അപ്പുറമിപ്പുറമുള്ള
നേർക്കാഴ്ച ഭാവപൂർണം,
ഭാഷ തീർക്കുന്നതു
ആത്മസൗരഭ്യമില്ലാത്ത
വർണ്ണപ്പെരുമകൾ ...
ആശംസാകാർഡിലെ
വണ്ടിണയാത്ത പൂക്കളെപ്പോലെ!

കണ്ണാടിയിൽ
കരിമഷിക്കറകളില്ല
മഴമറകളില്ല
മൗനാർത്ഥങ്ങളില്ല

തൂലിക വീഴ്ത്താത്ത
ഒരു മഷിത്തുള്ളി
നിൻ കവിൾചുവപ്പ്
മധു മന്ദഹാസം
അഴിഞ്ഞ പരിഭവം...

ശിൽപ്പമോ
ശിഥിലമോ ആകാത്ത
ഭാഷയാകുന്നു സൗഹൃദം;
ലിപികൾ വരയ്ക്കാത്തത് !
================
അജിത് കെ.സി

അഭിപ്രായങ്ങളൊന്നുമില്ല: