2011, ഡിസംബർ 10, ശനിയാഴ്‌ച

മുൻകരുതൽ

രാത്രികാലങ്ങളിൽ
ദേവീ ടാക്കീസിന്റെ
ഇഴ പൊളിഞ്ഞ
പനമ്പിലൂടെ
പുറത്തിറങ്ങി
കായലോളങ്ങൾക്കു
മുകളിലൂടെ
തെന്നി നടക്കുന്ന
കുറെ പ്രേതാത്മാക്കളുണ്ട്.

അവർ പരസ്പരം
പറയാറുണ്ട്
അനുരാഗം
കരിക്കിൻ വെള്ളമാണു്!

അല്ലിയാമ്പലുകൾ
അതുകേട്ട് പൊട്ടിച്ചിരിക്കും.

കാരണവർ
കണക്കുനോക്കി
കാര്യസ്ഥനോട് കയർത്തു

“കരിക്കു വെട്ടുന്നവന്റെ
കഴുത്തു വെട്ടുക.”

കഴുത്തു വെട്ടിയ
കരിക്കിൻ കുലകൾ
വഴിവിപണി കീഴടക്കി.

കരിക്കിൻ തൊണ്ടുകൾ
കുമിഞ്ഞു കൂടി
കൂത്താടി പെരുത്തപ്പോൾ
മുൻസിപ്പാലിറ്റിക്കാർ
കീടനാശിനി തളിച്ചു…

ഇന്നു ദേവീ ടാക്കീസില്ല
ശുഭരാത്രി ശിവരാത്രി
വന്നതിൽപ്പിന്നെ
പ്രേതാത്മാക്കൾ
വഴി നടക്കാറുമില്ല!
==================
അജിത് കെ.സി (2011)

അഭിപ്രായങ്ങളൊന്നുമില്ല: