2012, ഫെബ്രുവരി 6, തിങ്കളാഴ്‌ച

ഓർമ്മക്കാവടി


ഓർമ്മ തൻ ജാലകക്കാഴ്ചയിൽ
സുതാര്യമാമശ്രുഗോളം പോലെ
ഒരു മയിൽപ്പീലി ഞാൻ കാണുന്നു
ഇമചിമ്മിയതു മറയെ -
യൊരിന്ദ്രചാപം മെല്ലെവിടരുന്നു
അതുകണ്ടാമോദച്ചുവടുകൾ
വച്ചതിവേഗമൊരു മയിൽ നടനമുണരുന്നു
കനവുകളിലറിയാതെ പിന്നെയൊരു
കാർമേഘക്കോളു നിറയുന്നു
അലകടൽ പോലെ മനസ്സുഴിയുന്നു

മയിൽപ്പീലിയാദ്യം കണ്ടതു
ചേച്ചി തൻ പുസ്തകത്താളിലതു
പെറ്റുപെരുകുമെന്നറിഞ്ഞതെന്നാദ്യത്തെ വിസ്മയം
അക്ഷരമുറച്ചില്ലയെങ്കിലും
വടിവില്ലാതത്താളിൽ
'എനിക്ക് സ്വന്ത'മെന്നെഴുതി
ചിരിച്ചു നിന്നൂ അവൾ

ഭസ്മം നനച്ചതിനു തീറ്റയുമായീ
കൊച്ചനിയനിന്നെത്തുന്നു - നീയെവിടെ?
ആമ്പൽക്കുളത്തിലെനിക്കായി
വിടർന്നൊരു പൂവിറുത്തെത്താതെ-
യെത്രനാളാഴത്തിലിനിയും നീ!

വെയിൽച്ചൂടുകൊള്ളാതെ-
യാകാശമറിയാതെ പീലിയിഴയിന്നുമാ
പുസ്തകത്താളിൽ പെറ്റു
പെരുകുന്നൊരായിരം സ്മൃതികളായി...


ഒരു നാളിൽ മയിൽ കാണാൻ
*മലനടക്കാവിലെത്തീ,
ഞാനവിടെ പിടയ്ക്കൊപ്പമാ
പൂവന്റെ ഗർവ്വും പീലിയിൽ
വിസ്മയക്കണ്ണുമേ കണ്ടു

ഒരുത്സവനാളിൽ കരിമരുന്നു കത്തിയാ
കൗരവത്തേവർ തൻ തിരുമുറ്റമായിരം
ചിതയെരിയും ചുടലയായി
കുന്നിനെ കുലുക്കേണ്ട കതിനകൾ
പൂക്കുറ്റി പോലെയാകാശത്ത്
വിസ്മയം തീർക്കേണ്ട തിരികൾ
കൊള്ളിയാൻ പോലെ പാഞ്ഞൊടുവിൽ
പൂവാകയായി വിടരേണ്ട നിറകൾ
ഒക്കെയുമൊന്നായെരിഞ്ഞ്
തീച്ചുടല തീർത്തവിടെ താണ്ഡവമാടി
ആ നടുക്കത്തിലുമക്കാവിൽ
ഞാൻ തേടിത്തളർന്നതെൻ
മയൂരക്കാഴ്ചകൾ...


ഓർമ്മയിൽ വീണ്ടുമൊരു കുഴൽ നാദമെത്തുന്നു
കനവുകളിൽ രാധയെത്തുന്നു

മയിൽനീല പ്രണയവർണ്ണമെന്നോതി
തൂലികത്തുമ്പിൽ മഷിയായി നിറഞ്ഞവൾ
മൊഴികളാൽ മിഴികളാലെൻ കവിതയ്ക്കീണം പകർന്നവൾ
ചാരത്തിരുന്നെന്റെ ജീവനു താപം പകർന്നവൾ
കൈത്തണ്ടപിടിച്ചെൻ ഹൃദയതുടിതാളമെണ്ണിയതിൻ
വിങ്ങുന്ന വേഗവുമാലസ്യവുമറിഞ്ഞവൾ
തോളിൽ പിടിച്ചൊപ്പം നടന്നൊരു
കണ്ണാടിപോലെ സുഹൃത്തായി മാറിയോൾ
വസന്തവും വറുതിയുമൊരു പോലെകണ്ട്
മോഹം പകുത്തെന്നിൽ നിലാവായി
പിന്നെയെങ്ങോ മറഞ്ഞു നിന്നെന്റെ
കണ്ണടയ്ക്കുള്ളിലിരുളു നിറയ്ക്കുവോൾ

നിന്നെ തിരഞ്ഞു നരവീണു വർണ്ണങ്ങൾ
ജീവിതത്തിരക്കിൽ മറന്നു മയൂരനടനച്ചുവടുകൾ...


ആയിരം കണ്ണുകളുടെ പുനർജ്ജനി,
അമരനൊരു മാർജ്ജാരനിരുൾച്ചേറിലൊരു
താമരത്തണ്ടിൽ തണൽ തേടിയലയുന്നു
ഇന്നീ പെരുവഴിയമ്പലത്തിണ്ണമേൽ
കാവടി ഭിക്ഷയ്ക്കു കൈനീട്ടിനിൽക്കുമ്പോൾ
ഈണമെഴാതെ മനസ്സു പാടുന്നു,
മയിൽപ്പക്ഷീ, സ്മൃതിയുടെ തുടിയുടെ
അമൃതു നീ അക്ഷരം നീ...


OO അജിത് കെ.സി

കവിത കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

*  കൊല്ലം പോരുവഴി പെരുവിരുത്തി മലനട. 1990 ൽ ആണ് മലനടയിൽ നാടിനെ നടുക്കിയ ആ വെടിക്കെട്ട് ദുരന്തം ഉണ്ടായത്.

7 അഭിപ്രായങ്ങൾ:

BGNvarkala പറഞ്ഞു...

നന്നായിരുന്നു. ഒരു ലളിത ഗാനം പോലെ മനോഹരം

അജ്ഞാതന്‍ പറഞ്ഞു...

(1) ഓർമ്മകളുടെ എത്ര മനോഹരമായ തുടക്കം.......
ഒരു ജീവിതത്തിലെ വിരഹത്തിന്റെ/ തേടലിന്റെ എല്ലാ കാഴ്ചകളും
അതിമനോഹരമായി വരച്ചുകാട്ടിയിരിക്കുന്നു
ബാല്യത്തിൽ സൂക്ഷിച്ച മയിൽപീലിയിൽ നിന്നു തുടങ്ങിയ തേടൽ...
മനസ്സിനെ മയൂര നടനം പോലെയും അലകടൽ പോലെയും എത്തിക്കുന്നു
ചുടലപ്പറമ്പായ തിരുമുറ്റം.....( താണ്ഡവം തന്നെ !!!)
ആ നടുക്കത്തിലുമക്കാവിൽ

ഞാൻ തേടിത്തളർന്നതെൻ

മയൂരക്കാഴ്ചകൾ.....
( വിങ്ങൽ ഉണ്ടാക്കുന്ന വരികൾ ഞങ്ങളിലേക്കും)

അജ്ഞാതന്‍ പറഞ്ഞു...

(2)കനവുകളിലെ രാധ.....
(അവൾ എത്ര പ്രിയപ്പെട്ടവൾ ആയിരുന്നു...എന്നു ഇതിലധികം എങ്ങനെ വിശദീകരിക്കാൻ?)

പിന്നെയെങ്ങോ മറഞ്ഞു നിന്നെന്റെ
കണ്ണടയ്ക്കുള്ളിലിരുളു നിറയ്ക്കുവോൾ

നിന്നെ തിരഞ്ഞു നരവീണു വർണ്ണങ്ങൾ
ജീവിതത്തിരക്കിൽ മറന്നു മയൂരനടനച്ചുവടുകൾ....(REALITY)
ഈണമെഴാതെ മനസ്സു പാടുന്നു,
മയിൽപ്പക്ഷീ, സ്മൃതിയുടെ തുടിയുടെ
അമൃതു നീ അക്ഷരം നീ....

(തേടൽ വിരഹമായിതന്നെ നിൽക്കുന്ന നൊമ്പരം)

അജ്ഞാതന്‍ പറഞ്ഞു...

(3)കവിയോടു എങ്ങനെ നന്ദി പറയണം എന്നു അറിയില്ല....

അതിമനൊഹരം

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

എന്‍റെ പ്രിയ സുഹൃത്തെ,
എത്ര പ്രതിഭാധനനാണ് താങ്കള്‍!.
വാക്കുകളിലും വരികളിലും തീര്‍ത്ത മയില്‍പീലിതുണ്ടുകള്‍ക്കിടയിലൂടെ നഷ്ടപ്പെടലിന്റെ വേദനകളല്ലേ പങ്കുവച്ചത്. കൂടപ്പിറന്നോളും, പ്രാണപ്രിയയും ആസ്വാദകനിലും തേങ്ങലുകള്‍ തീര്‍ത്താണ് മറഞ്ഞു പോകുന്നത്. ഇനിയും ഒരുപാടെഴുതുക. ആശംസകള്‍!

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

ദയവായി ഫോളോവര്‍ ഗാഡ്ജെറ്റ്ചേര്‍ക്കൂ

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

Abdul Jabbar Vattapoyilil ന്‍റെ അഭിപ്രായം,‎Joselet Mamprayil Joseph ഇതുവായിക്കാന്‍ നിലവിലെ കണ്ണട പോര . താങ്കള്‍ അറിയുന്ന ആളാണെങ്കില്‍ ഫോണ്ട് ഒന്ന് മാറ്റാന്‍ പറയൂ