2012, ഫെബ്രുവരി 12, ഞായറാഴ്‌ച

ആമയും മുയലും
ഹൃദയത്തിനു താഴെ കിടത്തി
കിനാക്കളോടു ചേർത്തു നിർത്തി
കുഞ്ഞിന്
കഥകളുടെ വസന്തം തന്നെ
അമ്മ പകർന്നു നൽകി

മുലഞെട്ടിൽ നിന്നുമൂറി
സിരകളിൽ ഊർജ്ജരേണുവായി
കുഞ്ഞിളം മേനിയിൽ
വാത്സല്യ താളമായി
കണ്ണിനും കാതിനും
വിസ്മയമായി
കഥകളോരോന്നു കളിയാടി

കഥയുടെ പൂങ്കാവനത്തിൽ
കുയിലുകൾ കൂവി നിറഞ്ഞു
മഴവില്ലു വിടർന്നു
മഴമേഘങ്ങളെ കണ്ട്
മയൂരങ്ങളാടി
"നിയ്ക്കു വെശക്ക്ണു"
അവന്റെ വാക്ക് പിച്ച നടന്നു

തൊടിയിൽ,
അമ്മ പറഞ്ഞ കഥയിലെ
അണ്ണാറക്കണ്ണനും പൂവാലിയും
അവനെക്കാണാൻ നിരന്നു...

മുയലമ്മ ക്ഷീണിച്ചുറങ്ങി
മുൻഷി ആമ
പള്ളിക്കൂടം വരെ ഒപ്പം നടന്നു

രാജകുമാരന്റെയും
രാജകുമാരിയുടെയും
കഥ അമ്മ പറഞ്ഞില്ലല്ലോ
അവൻ പിണങ്ങി
"ഈയമ്മയ്ക്കൊന്നുമറീല്ല"
ഉണ്ണാതെയുണ്ണിയുറങ്ങി!

OO  അജിത് കെ.സി

3 അഭിപ്രായങ്ങൾ:

anupama പറഞ്ഞു...

പ്രിയപ്പെട്ട അജിത്‌,
വളരെ മനോഹരമായി എഴുതിയ വരികള്‍...!
ചിത്രം അതിമനോഹരം...!
ഓര്‍മകളില്‍ പൂത്തുലയുന്ന ആ കഥാപാത്രങ്ങള്‍ ഇപ്പോള്‍ എന്റെ കണ്മുന്‍പില്‍ ഉണ്ടല്ലോ...!
അഭിനന്ദനങ്ങള്‍..!
സസ്നേഹം,
അനു

jayarajmurukkumpuzha പറഞ്ഞു...

valare manoharamayittundu...... aashamsakal.........

Mohiyudheen MP പറഞ്ഞു...

ആമയും മുയലും ഒരു നൊസ്റ്റാൾജിക് ഫീലിംഗ് ഉണ്ടാക്കും... വരികൾ ഇഷ്ടപ്പെട്ടു !