2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

കുരുവംശം കുടിവാഴും കുന്നത്തൂർ മലനടകൾ

രുവേള നമുക്കീ കുന്നു കയറാം. കുന്നിൻ നെറുകയിൽ, കറുത്തവന്റെ വേർപ്പുമണ്ണിൽ കരിവേരാഴ്ത്തിയ തണൽക്കുടയ്ക്കു കീഴെ പീഠമേറിയ പ്രതാപിയായ മലവാഴും തേവരെ കണ്ടു മടങ്ങാം...

പോരുവഴി പെരുവിരുത്തി മലനട
തേവർ മലനടയപ്പൂപ്പനാണ്. ആശ്രിത വൽസലനായ മൂർത്തി കൗരാവാഗ്രിയനായ ദുര്യോധനനാണ്. വേലയ്ക്കും വേർക്കുന്ന വർക്കും കാവലാളായി, വിഷമിക്കുന്നവന് വിളിപ്പുറത്തെത്തി, നോക്കെത്താ ദൂരത്തോളം ചുരുൾ നിവർന്ന സാമ്രാജ്യത്തിനു തീർപ്പാളായി ഗാന്ധാരീ തനയൻ സുയോധനൻ നിറഞ്ഞരുളുകയാണിവിടെ. തേവർ നട പെരുവിരുത്തി മലനടയാണ്. കൊല്ലം ജില്ലയുടെ ഉത്തരാതിർത്തിയിലുള്ള കുന്നത്തൂർ താലൂക്കിലെ പോരുവഴിയിലാണ് പെരുവിരുത്തി മലനട.

മലനടകളെപ്പറ്റി കേട്ടറിവില്ലാത്തവർ വിസ്മയിച്ചേക്കാം - കൗരവർക്കും ക്ഷേത്രങ്ങളോ! അതെ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ അസുരനായ മഹാബലി ആരാധിക്കപ്പെടുന്നതുപോലെ എണ്ണമറ്റ മലനടകളിൽ വ്യാസേതിഹാസത്തിലെ പ്രതിനായകരായ കുരുവംശജർ അവരുടെ നന്മകളാൽ ആരാധനാമൂർത്തികളാകുന്നു കുന്നത്തൂരിന്റെ പലഭാഗങ്ങളിലായി.

ഉത്തരാഞ്ചലിലെ ദുര്യോധനക്ഷേത്രം
ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രമാണ് പെരുവിരുത്തിയിലേത്. തമസ്സ് (കൗരവരുടെ പതനത്തിനു ശേഷം നാമകരണപ്പെട്ടതെന്ന് വിശ്വാസം) നദീതീരത്തുള്ള, ഉത്തരാഞ്ചലിന്റെ വടക്കു പടിഞ്ഞാറതിർത്തിയിലുള്ള ഓസ് ല വില്ലേജിലാണ് ദുര്യോധനന്റെ മറ്റൊരു പ്രധാന ക്ഷേത്രമുള്ളത്. 


എണ്ണശ്ശേരി മലനട, ഫോട്ടോ - ജയേഷ് പതാരം
കൊല്ലം ജില്ലയിൽ തന്നെ ശൂരനാട് വടക്ക് എണ്ണശ്ശേരി മലനടയും കുന്നിരാടത്ത് മലനടയും ദുശ്ശാസനന്റെയും ദുശ്ശളയുടെയും പ്രതാപം പേറുന്ന ക്ഷേത്രങ്ങളാണ്. കൗരവരെക്കൂടാതെ അംഗരാജാവായ കർണ്ണനും മാതുലനായ ശകുനിക്കും പ്രത്യേക ക്ഷേത്രങ്ങളുണ്ട്. ഭീഷ്മർക്കും ദ്രോണർക്കും ആരാധനാ ലയങ്ങളുണ്ട്. കർണ്ണക്ഷേത്രം പെരുവിരുത്തിയിൽ പ്രിയമിത്രം ദുര്യോധനനടുത്തു തന്നെയെങ്കിൽ സമീപപ്രദേശമായ പുത്തൂരിനടുത്ത മായക്കോടാണ് ശകുനിയെ ആരാധിക്കുന്ന ക്ഷേത്രം. പെരുവിരുത്തി മലനടയിലെ കലശം, വെടിവഴിപാട് തുടങ്ങിയവയ്ക്ക് അവകാശമുള്ള ക്ഷേത്രമാണു കെട്ടുങ്ങൽ. തൂക്കം, കളരിയഭ്യാസം തുടങ്ങിയവയ്ക്ക് അവകാശമുള്ളതും മാതൃസ്ഥാനം (ഗാന്ധാരീ സങ്കല്പം) ഉള്ളതുമായ ഗുരുക്കൾശ്ശേരിൽ മലനടയിൽ നിന്നാണ് ക്ഷേത്രപരികർമ്മിയായ 'ഊരാളി' ഉത്സവനൊയമ്പ് എടുക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി വിഭജിക്കപ്പെട്ട് കടമ്പനാട് വടക്ക് കുണ്ടോം മലനട, പുലിപ്പാറമലയിലെ കുറുമ്പകര മലനട, ഐവർകാല കിഴക്ക് പൂമല മലനട കൂടാതെ നൂറനാട്, താമരക്കുളം, പവിത്രേശ്വരം ഭാഗങ്ങളിലെ മലനടകൾ ഇങ്ങനെ 101 കുന്നുകളിലായി ഒട്ടനവധി മലനടകളുണ്ടെങ്കിലും പ്രതാപം തീരെയില്ലാത്തവയും ക്ഷയോന്മുഖവുമാണ് മിക്കവയും.
പോരുവഴി പെരുവിരുത്തി മലനട
ഒരിക്കൽ, മലനടയിലെ കൗരാവാരാധനയെപ്പറ്റി വിസ്മയിച്ചപ്പോൾ കൂടെയുണ്ടായിരുന്ന സുയോധനഭക്തനും ദുര്യോധനൻ ബസ്സുടമയുമായിരുന്ന ബന്ധു ( ഒരു കടങ്കഥ പോലെ പറഞ്ഞു; പോരു നടന്ന വഴി പോരുവഴി. പോരിവിടെയാകണം നടന്നത്. വംശവൈര ത്തിന്റെ നിണമൊഴുകിയ പോരിന് പേരെന്തും നൽകുക. മഹാഭാരതത്തിന്റെ ഭൂമിക ഉത്തരഭാരതമാണ്. ഹസ്തിനപുരവും കുരുക്ഷേത്ര വുമടക്കമുള്ള സ്ഥലനാമങ്ങളും തികച്ചും ഉത്തര*മാണ്. ഇവിടെയുണ്ടായ ഏതെങ്കിലും വംശവൈരമോ സ്പർദ്ധയോ ആകണം കഥയുടെ ഇതിവൃത്തമെന്ന് ശഠിക്കണമെങ്കിൽ ഇതികർത്താവ് ബോധപൂർവ്വം തന്റെ സമീപപ്രദേശങ്ങളെ സ്വീകരിച്ചുവെന്ന് സ്ഥാപിക്കണം. കൗരവ-പാണ്ഡവ കഥയും കുന്നത്തൂരും മലനടകളും തമ്മിലെന്തു ബന്ധമെന്ന് ഇനിയും ചർച്ചചെയ്യപ്പെടേണ്ട വിഷയമാണ്... അതെ.

കീച്ചപ്പിള്ളിൽ ക്ഷേത്രം, ഫോട്ടോ - രൻജു
സ്ഥലനാമങ്ങളിൽ ഐവർകാല, ഞാങ്കടവ്, അഞ്ചൽ തുടങ്ങിയവ പാണ്ഡവപക്ഷത്തു ചേരുന്നു. പാണ്ഡവർ വസിച്ചിരുന്നുവെന്ന സൂചന ഐവർകാല നൽകുന്നത്. ഐവരുടെ മാർഗ്ഗമദ്ധ്യേ ആറൊഴുക്കിന്റെ വിഘ്നം. "ഞാൻ കടക്കാ"മെന്ന വൃകോദരശബ്ദം പ്രതിദ്ധ്വനിച്ചറിഞ്ഞപ്പോൾ ഞാങ്കടവായെന്നും വിശ്രമവേളയിൽ ഓരോ ആൽമരത്തൈകൾ നട്ടുവെന്നും അഞ്ചാലുകളുടെ നാട് അഞ്ചലായെന്നുമൊക്കെ സ്ഥലപുരാണ ങ്ങളിൽ വാദമുഖങ്ങളുണ്ട്. കൂടാതെ കുന്നത്തൂർ- ഐവർകാലയിലെ 'കീച്ചപ്പിള്ളിൽ' (കീചകപ്പിള്ളിൽ ലോപിച്ചത്) എന്ന ക്ഷേത്രം ഭീമൻ കീചകനെ വധിച്ചതെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലവുമാണ്.

കൗരവരിൽ നിന്നാണ് 'കുറവ' സമുദായത്തിന് ആ പേര് സിദ്ധിച്ചതെന്നും പറയപ്പെടുന്നുണ്ട്. പ്രചരിക്കപ്പെട്ട മറ്റൊരു കഥയിൽ ഇവിടുത്തെ വനങ്ങളിലുണ്ടാവാമെന്നു കരുതി പാണ്ഡവരെ തേടിയെത്തിയ ദുര്യോധനനും കൂട്ടരും ഇവിടെ വിശ്രമിച്ചുവെന്നും ദാഹാർത്തവരായ അവർക്ക് കുറവസ്ത്രീ മധുചഷകം നൽകി സൽക്കരിച്ചുവെന്നും സംപ്രീതനായ കൗരവരാജാവ് 101 ഏക്കർ നൽകി അനുഗ്രഹിച്ചുവെന്നും സമർത്ഥിക്കപ്പെടുന്നു. കള്ള് മലനടക്ഷേത്രങ്ങളിൽ പ്രസാദവും അഭിഷേകവും വഴിപാടും ആയതിന്റെ കാരണവും ഇതാണത്രേ.
പെരുവിരുത്തി മലനട - സ്വർണ്ണക്കൊടി
കുന്നത്തൂരും പരിസരപ്രദേശങ്ങളും അവർണ്ണരെന്നും അധ:സ്ഥിതരെന്നും മുദ്രകുത്തപ്പെട്ട സമുദായങ്ങളുടെ വ്യാപനദേശങ്ങളായിരുന്നു. മലനടകളെപ്പോലെ തന്നെ ഇവിടങ്ങളിലേറെയും ഉഗ്രമൂർത്തികളായ ശിവന്റെയും കാളിയുടെയും ക്ഷേത്രങ്ങളാണ്. ബുദ്ധമതത്തിന്റെ പ്രചാരത്തോടെയാണ് ശൈവാരാധന ഇല്ലാതെയായത്. ബുദ്ധമതം കൂടുതൽ പ്രചരിക്കപ്പെട്ടതും ഈ പ്രദേശങ്ങളിലാണ്. ബുദ്ധമതകേന്ദ്രങ്ങളെയും വിഹാരങ്ങളെയും കുറിക്കുന്ന 'ഊരു' 'പള്ളി' തുടങ്ങിയ പദങ്ങൾ ഇവിടങ്ങളിലെ സ്ഥലനാമങ്ങളിലൊക്കെ ചേർന്ന് കാണപ്പെടുന്നുണ്ട്. ബുദ്ധമതത്തിന്റെ പ്രചാരത്തോടുകൂടി ക്ഷേത്രാചാരങ്ങളും പ്രതിഷ്ഠകളുമൊക്കെ മാറിയതുകൊണ്ടാകണം മലനടകളിൽ പലതും അപ്രത്യക്ഷമായത്.

മലനടകളെല്ലാം അവർണ്ണരുടെ ആരാധനാ കേന്ദ്രങ്ങളായിരുന്നു. ആ വിഭാഗത്തിൽ ഗണിക്കപ്പെട്ടിരുന്നവരുടെ പിന്മുറക്കാരാണിപ്പോഴും മലനട ക്ഷേത്രാധികാരികളായ 'ഊരാള"ന്മാർ. സമുദായത്തിലെ മുന്നോക്കക്കാരന്റെ ആരാധനാലയങ്ങളിൽ പോകുവാനും അവന്റെ ദൈവങ്ങളെ പ്രതിഷ്ഠിക്കുവാനും ആരാധിക്കുവാനും സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്ത് അവർണ്ണന് ആരാധിക്കുവാനും അവന്റെ ദുരിതങ്ങളിൽ വിളിച്ചപേക്ഷിക്കുവാനും കെട്ടിയ പീഠങ്ങളാവണം ഈ മലനടകൾ. സവർണ്ണന്റെ ദേവസങ്കല്പങ്ങളെ പുച്ഛിച്ചുടലെടുത്ത ആരാധനാലയങ്ങളുമാകാം ഇവ. അവർണ്ണർക്കും അധ:സ്ഥിതർക്കും ശരണമേകിയിരുന്ന കുരുവംശരാജാവിനോടുള്ള കൂറോ ആര്യാധിനിവേശത്തിലും നഷ്ടപ്പെടാത്ത ദ്രാവിഡത്തനിമയോ ആകണം ശ്രീകോവിലോ വിഗ്രഹമോ വേഷഭൂഷകളോ ഇല്ലാത്ത ഈ മലനടകൾ. പൂജാമൂർത്തികൾക്ക് പെരുവിരുത്തിയിലും എണ്ണശ്ശേരിയിലും കുന്നിരാടത്തുമൊക്കെ പീഠമായി കെട്ടിയുയർത്തിയ തറയും കൽവിളക്കുകളുമാണ് ഉള്ളത്.
പെരുവിരുത്തി മലനട ഉത്സവം - എടുപ്പു കുതിരകൾ
ആചാരാനുഷ്ഠാനങ്ങളിലും ഉത്സവങ്ങളിലും മറ്റുക്ഷേത്രങ്ങളോട് വ്യത്യസ്തത പുലർത്തുന്നു വെങ്കിലും ശൈവക്ഷേത്രങ്ങളിലെപ്പോലെ വിഭൂതിയാണ് മലനടകളിലും പ്രസാദം. കള്ളും ചാരായവും കോഴിയും പട്ടും ഒക്കെ പ്രധാന നേർച്ചകളും. മദ്യം ഇക്കാലം നിരോധിക്കപ്പെട്ടു കഴിഞ്ഞു. കന്നുകാലികൾ, ധാന്യങ്ങൾ, വെറ്റില പാക്ക് ഇവയും നേർച്ചാദ്രവ്യങ്ങളാണ്.കുന്നിരാടത്ത് മലനട, ഫോട്ടോ - രൻജു
പെരുവിരുത്തി മലനടയിലെ കെട്ടുത്സവം ഏറെ പ്രശസ്തമാണ്. ഉൽസവത്തിന് ഭാരമേറിയ മലക്കുട പേറി, കച്ചയുടുത്ത് ഊരാളൻ തുള്ളി മലയിറങ്ങുമ്പോൾ കെട്ടുകാഴ്ചകൾ നിരക്കുന്നു. എടുപ്പുകുതിരകളും കെട്ടുകാളകളുമാണ് പ്രധാന ഉത്സവ ക്കാഴ്ചകൾ. ഇവിടുത്തെ മത്സരക്കമ്പവും ഏറെ പ്രശസ്ത മായിരുന്നു. 1990 ലെ വെടിക്കെട്ട് ദുരന്തത്തിനു ശേഷം മത്സരക്കമ്പം നിരോധിക്കപ്പെട്ടു.

നെൽവയലുകൾക്കു നടുവിലെ കുന്നെടുപ്പിലേക്ക് കെട്ടുകാഴ്ചയുടെ ചട്ടമേന്തി ആർത്തുവിളിക്കുന്ന പണിയാളർക്കുമുന്നിൽ തുറന്ന മനസ്സോടെ മഹാസങ്കൽപ്പമായി ആൽച്ചുവട്ടിലെ പീഠത്തിൽ തേവർ നിറഞ്ഞരുളുമ്പോൾ, കുന്നിറങ്ങവേ മഴമേഘങ്ങളോട് കലഹിച്ചു നിന്നിരുന്ന അരയാലിലകൾ പറഞ്ഞു; ബിംബങ്ങളില്ലാത്ത ദൈവാന്വേഷണം ഇവിടെ തുടങ്ങുന്നു...

OO അജിത് കെ.സി


* ഉത്തരാഞ്ചലിലെ ദെറാഹ്ഡൂണിലെ രാജാവായിരുന്നു ദുര്യോധനനെന്നും പഞ്ചാബിലെ രാജകുമാരി പാഞ്ചാലിയോടുള്ള സ്പർദ്ധയാണ് മഹാഭാരതകഥയുടെ ഇതിവൃത്തമെന്നും ചില പഠനങ്ങൾ.

4 അഭിപ്രായങ്ങൾ:

jayesh lekshmi creations പറഞ്ഞു...

മണ്മറഞ്ഞു കൊണ്ടിരിക്കുന്ന മലദൈവങ്ങളെയും മലനടകളെയും തേടിയുള്ള ഈ യാത്രയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും ..............

Pradeep Kumar പറഞ്ഞു...

മലനടകളെക്കുറിച്ച് നല്ല അറിവാണ് പങ്കുവെച്ചത് .കൂടുതല്‍ അറിയാന്‍ പ്രേരണ നല്‍കുന്നു ഈ ലേഖനം. പടയണി പോലുള്ള ആരാധനാസമ്പ്രദായങ്ങള്‍ ഈ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു.

കാവ്യജാതകം പറഞ്ഞു...

പടയണി (പടേനി) മദ്ധ്യതിരുവിതാംകൂറിലെ ഭദ്രകാളിക്ഷേത്രങ്ങളിൽ അവതരിപ്പിക്കപ്പെടാറുള്ള അനുഷ്ഠാന കലയാണ്. മലനടകളിൽ കഥകളി (നിഴൽക്കൂത്ത്)അവതരിപ്പിക്കപ്പെടാറുണ്ട്.

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

കൊള്ളാം അജിത്തേ ഇതു നന്നായി വിശകലനം ചെയ്യപ്പെടേണ്ട ഒരു പോസ്ടാനല്ലോ, വിശദാംശങ്ങള്‍ ശേഘരിച്ചതിനു പ്രത്യേക അഭിനന്ദനങ്ങള്‍.
പിന്നെ എനിക്കറിയാവുന്ന ഒരു കാര്യം പറയാം. ഞങ്ങളുടെ കുട്ടനാട് എന്നത് "ചുട്ടനാട്" എന്നാ പേരില്‍ നിന്നും ഉരുത്തിരിഞ്ഞുവന്നതാന് എന്നൊരു പറച്ചിലുണ്ട്. അരക്കില്ലം ചുട്ടു പാണ്ഡവരെ കൊല്ലാന്‍ നോക്കിയപ്പോളോ മറ്റോ കാട്ടുതീ പടര്‍ന്നു നിബിഡ വനമായിരുന്ന ഒരു പ്രദേശം മുഴുവന്‍ ചുട്ടുപോയതിനാല്‍ ആയ പേരും അവിടുത്തെ മണ്ണ്(ചെളി) കറുത്തനിറവും ഉള്ളതായി!