2012, ഫെബ്രുവരി 29, ബുധനാഴ്‌ച

അമ്മ

ഓരോ തിരയും കെടുമ്പോള്‍ കടലിനി -
ന്നേതോ വിതുമ്പലിന്നാഴം
ഓരോ തിരിയും പൊലിയുമ്പോള്‍ വിണ്ണിനി -
ന്നേതോ ഇരുളിന്നു നിറവ്

തോരാത്ത കണ്ണുമായമ്മയാണാഴത്തി -
ലോരോ സ്മൃതിയുടെ ബോധം
തിരയായതശ്രുക്ക,ളിടറും നെഞ്ഞി-
ലുരുകുന്നൊരക്ഷര ദുഗ്ദ്ധം

അമ്മായാണാകാശച്ചരിവിലെത്താരം
കനലെരിയും നെഞ്ഞാണ്
നീറുമകക്കണ്ണിലെത്തീയാണ്, തിരി -
യോരോയിരവിന്നു കാവല്‍

അമ്മ തൻ ചിത്രംവരയ്ക്കേണ്ടതെങ്ങനെ -
യേതു നിറത്തിനിന്നാഴം,
നിറമെല്ലാമൊടുങ്ങും കടല്‍ നീലയോ ,
നരവീണ മേഖക്കറുപ്പോ ?

ഓരോ നിറവും പെയ്തുതളരുമ്പൊഴി-
ന്നേതോ സുഗന്ധിയായമ്മ
ഓരോ തിരയിലുമോരോ തിരിയിലും
നിറയുമറിവു നീയമ്മ

ഒരു കുളിര്‍തെന്നലായോര്‍മ്മയിലെത്തി -
യേതോ കനിവിന്നുൾത്തണല്‍
ഒരു തേങ്ങലാ,യൊരൗഷധ സ്പര്‍ശമാ -
യെങ്ങുമക്ഷരപ്പെരുമ!

OO  അജിത് കെ.സി


3 അഭിപ്രായങ്ങൾ:

M N PRASANNA KUMAR പറഞ്ഞു...

ചുറ്റി നിറഞ്ഞു നിന്നിലെക്കെത്തിയ നേര്‍ത്തതാമൊത്തിരി സിരകള്‍
പത്തു മാസം നിന്‍ തുടിപ്പിന്‍ കാവല്‍ മൂര്‍ത്തിയായ്
ഒട്ടുമന്യമാകാതാമനം ചേര്‍ത്തമൃതേത്ത് നല്കിയോള്‍
ഒത്തൊരാളായ് വളര്‍ന്നപ്പോളിത്ര ശീഘ്രം നിനക്കന്യമാകുന്നുവോ

പത്തു മാസം നിനക്കായ് ചൊരിെഞ്ഞാരാ ചൂടിനോട്‌
പത്തു നൂറാണ്ടാലുമൊടുങ്ങില്ല നിന്‍ കടപ്പാടുകള്‍
പിച്ച മുറിഞ്ഞു മുറ്റത്തു കൂട്ടരില്‍ നിന്നൊറ്റയാകുമ്പോള്‍
ഒച്ച മുറുക്കിയണയുന്നാ മടിയിലൊരിത്തിരിയമ്മിഞ്ഞ നുകരുവാന്‍

വര്‍ഷിണി* വിനോദിനി പറഞ്ഞു...

പറഞ്ഞാലും അറിഞ്ഞാലും തീരാത്ത സ്നേഹം...അമ്മ....!
അമ്മയെ ഇഷ്ടായി ട്ടൊ...ആശംസകള്‍...!

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

നിര്‍വചനങ്ങള്‍ക്ക് അതീതമാണ് അമ്മയും അമ്മയുടെ സ്നേഹവും..ഈ കവിത ഇഷ്ടായി കൂട്ടുകാര..പിന്നെ ഈ ഫോണ്ട് സൈസ് ഒന്ന് കൂടിയാല്‍ നന്നായിരുന്നു.