2012, ഫെബ്രുവരി 8, ബുധനാഴ്‌ച

ലഖ്പത് - സിന്ദൂരമൂർന്ന തീരം

 ലഖ്പത് (Lakhpat) - ചരിത്രത്താളിലറിയപ്പെടാതെ കിടന്നു. 

പടയോട്ടങ്ങളുടെയും പിന്മാറ്റങ്ങളുടെയും സ്മരണകളിൽ വാഴ്ത്തിപ്പാടാൻ പാണന്മാർ അറച്ചതുകൊണ്ടാവണം ഉച്ചാരണശുദ്ധികിട്ടാത്ത വാക്കുപോലെ നാവിലാദ്യം കയർപ്പറിയിച്ചത്.  കിഴിപ്പണം കൈപ്പറ്റിയ നാട്ടുപാട്ടുകൾക്കകലെ അഴകഴിഞ്ഞ പുടവപോലെ അവൾ കിടന്നു, ശുഷ്ക്കമാറിടങ്ങളിൽ ജീവശ്വാസത്തിന്റെ തുടിപ്പുകൾ മാത്രമായി...

ലക്ഷക്കണക്കിനു കോറി (Kori -കച്ചിന്റെ അക്കാലത്തെ നാണയം) ദിവസവരുമാനമുണ്ടായിരുന്ന തുറമുഖനഗരത്തിൽ നിന്ന് അനാഥമായ ഒരു പ്രേതഭൂമിയിലേക്കുള്ള പതനമാണു ലഖ്പതിന്റേത്. നദിയൊഴുക്കുകൾ നമ്മുടെ സാംസ്ക്കാരിക, സാമൂഹിക, സാമ്പത്തിക പുരോഗതിയെ എങ്ങനെ ബാധിക്കുന്നുവെന്നു ചരിത്രസ്മരണകളിലും അവയുടെ അഭാവം എങ്ങനെ ജീർണ്ണതയിലേക്കു നയിക്കുമെന്ന് ഇന്നത്തെ അവസ്ഥയിലും ലഖ്പത് നമുക്ക് കാട്ടിത്തരുന്നു.

മുല്ലപ്പെരിയാർ വിഷയം നമ്മുടെ ജീവിതക്രമത്തിന്റെ താളം തെറ്റിക്കുവാൻ തുടങ്ങിയ നാളുകളിലൊന്നിലാണു, ദ്വാരകയിൽ നിന്നും ലഖ്പതിലേക്കെത്തിയത്. ഒരു നദിയും ഒരു ഭൂചലനവും തലവര മായ്ച്ച ലഖ്പതിന്റെ മണ്ണിലിരുന്ന് ഡയറിയിലിങ്ങനെ എഴുതി:

ഒരു ത്രിമാനചിത്രത്തിന്റെ
അതിസൂക്ഷ്മതയിലാണു
പുഴ നാലുവശത്തേക്കും
പിന്മാറി അവളുടെ
അംഗലാവണ്യമഴിച്ചത്

കൃഷ്ണാ…
ദ്വാരകയടുത്തല്ലേ
പുഴയായൊഴുകി
ഈ കുളിക്കടവ് നിറയ്ക്കു!
(കേളികൊട്ട് ബ്ലോഗ് മാസികയിൽ വന്ന കവിത)


കച്ചിന്റെ (Kutch, ഗുജറാത്ത് ) പശ്ചിമാഗ്രത്തിൽ ഇന്ത്യാ-പാകിസ്താൻ അതിർത്തിയിലേക്ക് ദുർഘടമായ വഴിയാത്ര, പരുത്തിപ്പാടങ്ങളും ആവണക്കിൻ പാടങ്ങളും പിന്നിട്ട് നാരായൺ സരോവർ വന്യജീവി സങ്കേതവും കോടേശ്വർ ക്ഷേത്രവും കണ്ടുമടങ്ങും വഴിയാണ് ലഖ്പതിലേക്കെത്തിയത്. ആയിരക്കണക്കിന് ശിവലിംഗങ്ങളിൽ നിന്ന് വേർതിരിച്ചറിയാനാവാതെ, തപസ്സു ചെയ്തു നേടിയ യഥാർത്ഥ ശിവലിംഗത്തെ രാവണന് മാറിപ്പോയെന്നും ആ വിഗ്രഹമാണ് അവിടെ കുടികൊള്ളുന്നതെന്നും കോടേശ്വറിന്റെ ഐതീഹ്യം.
കോടേശ്വർ ക്ഷേത്രം

കോടേശ്വർ

ലക്ഷാധിപതികളുടെ നഗരമെന്ന് വാഗർത്ഥമുള്ള ലഖ്പത്, ഇന്നൊരു ശ്മശാനഭൂമി തന്നെയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ സ്മരണകളയവിറക്കുന്ന ഈ ചെറിയ പുരാവസ്തു നഗരം തകർന്ന കെട്ടിടങ്ങളും ആൾവാസമില്ലാതെ മുൾക്കാടുകളും പാഴ്നിലങ്ങളുമായി ഇന്ന് തികച്ചും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.  പ്രൗഢഗംഭീരമായ ഗതകാലത്തിൽ, സിന്ധിനെ ഗുജറാത്തുമായി ബന്ധിപ്പിച്ചിരുന്ന ഈ തുറമുഖനഗരത്തിനു സിന്ധൂ നദിയുടെ കരലാളനത്താൽ സമൃദ്ധമായ നെല്പാടങ്ങളിൽ നിന്നും തുറമുഖ വാണിജ്യ വരുമാനം കൊണ്ടും ലക്ഷങ്ങളുടെ ദിവസവരുമാനമുണ്ടായിരുന്നുവെന്നറിയുക. പതിനയ്യായിരത്തിൽ പരം ജനസംഖ്യ ഉണ്ടായിരുന്ന ഇവിടം ഇപ്പോൾ കേവലം അഞ്ഞൂറിൽപ്പരം ആളുകൾ മാത്രം വസിക്കുന്ന പ്രേതഭൂമിയാക്കിയത്  AD 1819 ലെ ഭൂചലനമാണ്.
ഇനി ഇവ ദുരന്തത്തിനു കൂടി സ്മാരകങ്ങൾ!

അഹമ്മദാബാദിലെ ഒരു കെട്ടിടം - 2001 ജനു 26
ഭുജ് - 2001 ജനു 26


'ഹം ദിൽ ദേ ചുകേ സനം' എന്ന ഹിന്ദി സിനിമയിൽ
നാം കണ്ട കൊട്ടാരം ഇനി അഭ്രപാളികളിൽ മാത്രം

റിക്ടർ സ്കെയിലിൽ 8 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ലഖ്പതിന്റെ തലവര മാറുകയായിരുന്നു.  140 കി.മീ നീളത്തിൽ രൂപം കൊണ്ട മൺതിട്ട (അല്ലഹ് ബണ്ട്) സിന്ധുവിനെ ഗതിമാറ്റിയൊഴുക്കി. ഇന്നു സിന്ധു ലഖ്പതിന്റെ പാതവിട്ട് സമുദ്രത്തിലേക്ക് ഒഴുകിയൊഴിയുന്നു. 3500 ൽ പരം മനുഷ്യജീവനുകളും അതിലേറെ ജീവിതങ്ങളും അന്നു പൊലിഞ്ഞു പോയി. ഭൂമിയുടെ അകക്കാമ്പിലുള്ള വിള്ളൽ (fault) ഇന്നും ഭൂകമ്പസാദ്ധ്യതാ പ്രദേശമായി ലഖ്പതിനെയും സമീപ പ്രദേശങ്ങളെയും മാറ്റുന്നു. ജനു 26, 2001 ൽ 30,000 ആളുകളുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രവും സമീപ പ്രദേശമായ ഭുജ് ആയിരുന്നു.

മുസ്ലിം അധിനിവേശത്തിൽ മതപരിവർത്തനം ചെയ്യപ്പെട്ടവരും ഹിന്ദു മതാനുയായികളും ഇരു മത വിഭാഗങ്ങളും ഒരേ പോലെ ആരാധിച്ചിരുന്ന സൂഫി സന്യാസികളും സിഖന്മാരും ഒക്കെ ലഖ്പതിന്റെ മണ്ണിൽ ചരിത്രസ്മൃതികളാവുന്നു. പടക്കോപ്പുകൾ മണ്ണടിഞ്ഞു, നിണപ്പാടുകൾ മാഞ്ഞു; ചരിത്രമവശേഷിപ്പിക്കാതെ!
ലഖ്പത് കോട്ട

ലഖ്പത് കോട്ടയുടെ പ്രധാന കവാടംകരിങ്കല്ലിലെ കൊത്തു പണികൾ
നാനി ദർഗ്ഗറഫ്യൂജി എന്ന ബോളിവുഡ് സിനിമയുടെ ലൊക്കേഷൻ ലഖ്പത് ആയിരുന്നു.
സഞ്ചാരികളും തീർത്ഥാടകരും അപൂർവ്വമായി മാത്രം എത്തുന്ന ലഖ്പതിൽ ഇന്ന് തികച്ചും സാധാരണ ജനവിഭാഗങ്ങളാണധിവസിക്കുന്നത്. റാവു ലഖ്പത്ജിയുടെ കാലത്ത് ആരംഭിച്ച് AD 1801 യിൽ ജമാദാർ ഫതേ മുഹമ്മദ് പണി തീർത്തതുമായ ലഖ്പത് കോട്ട  ഇന്ന് അതിർത്തി സംരക്ഷണസേനയുടെ നിയന്ത്രണത്തിലാണ്. കോട്ടയെക്കൂടാതെ ഗോഷ് മുഹമ്മദ് കബ, സയ്യദ് പിർഷ ദർഗ്ഗ, നാനി മായി ദർഗ്ഗ തുടങ്ങിയ ചരിത്രസ്മാരകങ്ങളും സിഖ് സ്ഥാപകനായ ഗുരു നാനാക്ക് ഹജ്ജിനു മെക്കയിലേക്കു പോകും വഴി വിശ്രമിച്ചതിന്റെ ഓർമ്മപേറുന്ന ഗുരുദ്വാരയും ഒക്കെ ലഖ്പതിന്റെ പ്രധാന ആകർഷകങ്ങളാണ്. പന്ത്രണ്ടാം വയസ്സിൽ സന്യാസം സ്വീകരിച്ച പിർ മുഹമ്മദ് എന്ന സൂഫി വര്യന്റെ അന്ത്യ വിശ്രമസ്ഥലം, ഇവിടുത്തെ ജലത്തിനു ഒട്ടു മിക്ക ത്വഗ്രോഗങ്ങളെയും അകറ്റാൻ പോന്ന ഔഷധഗുണമെണ്ടെന്ന വിശ്വസിക്കപ്പെട്ടുപോന്ന ഒന്നാണ്.


മരുഭൂമിയും സമുദ്രവും പകരുന്ന പെരുംശൂന്യതയെ മുറിച്ചു നിൽക്കുന്ന പൊന്തക്കാടുകളും സ്വൈര്യവിഹാരം ചെയ്യുന്ന മയിൽക്കൂട്ടങ്ങളും അതിരുകളകന്ന ചക്രവാളങ്ങളിലെ ഉദയാസ്തമനങ്ങളും നിർമ്മലമായ അന്തരീക്ഷത്തിൽ മിഴിവാർന്ന് തെളിയുന്ന ചന്ദ്രതാരാദികളും ലഖ്പതിനു ഒരു കാൽപ്പനിക ഭംഗി കൂടി നൽകുന്നുണ്ട്.


തിരികെ പാഴ്നിലങ്ങളെയും പുൽപ്പരപ്പുകളെയും മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങളെയും കടന്ന് ഭുജിലേക്ക് യാത്ര തിരിക്കുമ്പോൾ ഡയറിയിൽ കുറിച്ചു- ലഖ്പത്,നീ സിന്ദൂരമൂർന്ന ഒരു തീരം!

OO  അജിത് കെ.സി

5 അഭിപ്രായങ്ങൾ:

KELIKOTTU പറഞ്ഞു...

മരുഭൂമിയും സമുദ്രവും പകരുന്ന പെരുംശൂന്യതയെ മുറിച്ചു നിൽക്കുന്ന പൊന്തക്കാടുകളും സ്വൈര്യവിഹാരം ചെയ്യുന്ന മയിൽക്കൂട്ടങ്ങളും അതിരുകളകന്ന ചക്രവാളങ്ങളിലെ ഉദയാസ്തമനങ്ങളും നിർമ്മലമായ അന്തരീക്ഷത്തിൽ മിഴിവാർന്ന് തെളിയുന്ന ചന്ദ്രതാരാദികളും .....കിഴിപ്പണം കൈപ്പറ്റിയ നാട്ടുപാട്ടുകൾക്കകലെ അഴകഴിഞ്ഞ പുടവപോലെ അവൾ കിടന്നു, ശുഷ്ക്കമാറിടങ്ങളിൽ ജീവശ്വാസത്തിന്റെ തുടിപ്പുകൾ മാത്രമായി... ചരിത്രം പകർത്തലിൽ താങ്കളുടെ കൈവഴക്കം ഇത്‌ ആദ്യമായല്ല വെളിപ്പെടുന്നത്‌ .... ഗംഭീരം .... എത്ര സ്നിഗ്ധമായാണ്‌ ഇതിൽ കവിതയുടെ സിന്ധൂരമൂറിക്കിടക്കുന്നത്‌ ...

jameskdevassy പറഞ്ഞു...

very good.realy touching.give us routes to these places. wish u all success. james.

വേണുഗോപാല്‍ പറഞ്ഞു...

ലഖ്‌പത്തിനെ പരിചയപെടുത്തിയത്തിനു നന്ദി .
ഈ വിവരണം വളരെ നന്നായി.
ഗുജറാത്തിലെ ഒരു ഭൂവിഭാഗം അടുത്തറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് ..
ആശംസകള്‍ അജിത്‌

ORUMA പറഞ്ഞു...

അജിത്‌, നന്നായിട്ടുണ്ട്. ആശംസ

Ravi varmathampuran പറഞ്ഞു...

Really informative and interesting. Pl visit as much as places in Gujarath before returning.Hope it will help in your creative works. Congrats